സൈബർ കുറ്റകൃത്യങ്ങളും സാമ്പത്തിക തട്ടിപ്പുകളും തടയുന്നതിന്റെ ഭാഗമായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (NPCI) പുതിയ നിയമ മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ ഏപ്രിൽ 1 മുതൽ ഈ യുപിഐ അഡ്രസുകൾ പ്രവർത്തനരഹിതമാകും.
യുപിഐയുമായി ബന്ധിപ്പിച്ചിട്ടുള്ള റിചാർജ് ചെയ്യാത്തതോ പ്രവർത്തനം നിലച്ചതോ ആയ നിഷ്‌ക്രിയ മൊബൈൽ നമ്പറുകൾ സുരക്ഷാ ഭീഷണി ഉണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഉപയോക്താക്കൾ അവരുടെ നമ്പറുകൾ മാറ്റുകയോ പ്രവർത്തന രഹിതമാക്കുകയോ ചെയ്യുമ്പോൾ, യുപിഐ അക്കൗണ്ടുകൾ പലപ്പോഴും സജീവമായി തുടരുന്നുണ്ടാകും. ഇത് മറ്റൊരാളുടെ കൈവശം എത്തിച്ചേരുമ്പോൾ ദുരുപയോഗത്തിന് കാരണമാകും. ഇത് തടയുന്നതിനായി ബാങ്കുകളും ഗൂഗിള്‍പേ, ഫോൺപേ, പേടിഎം പോലുള്ള പേയ്‌മെന്റ് ആപ്പുകളും ഇപ്പോൾ യുപിഐ സിസ്റ്റത്തിൽ നിന്ന് സജീവമല്ലാത്ത നമ്പറുകൾ നീക്കം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.
മൊബൈൽ നമ്പർ മാറ്റിയിട്ട്, അത് ബാങ്കിൽ അപ്‌ഡേറ്റ് ചെയ്യാത്ത ഉപയോക്താക്കളെയാണ് ഇത് ബാധിക്കുന്നത്. കോളുകൾ, എസ്എംഎസ് അല്ലെങ്കിൽ ബാങ്കിങ് അലേർട്ടുകൾ എന്നിവയ്‌ക്കായി വളരെക്കാലമായി ഉപയോഗിക്കാത്ത നമ്പറുകളുള്ള ഉപയോക്താക്കൾക്കും ഇത് ബാധകമാണ്. ബാങ്ക് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാതെ നമ്പർ സറണ്ടർ ചെയ്ത ഉപയോക്താക്കളെയും പഴയ നമ്പർ മറ്റൊരാൾക്ക് നൽകിയ ഉപയോക്താക്കളെയും ഇത് ബാധിക്കും.
അതുകൊണ്ട്, നിങ്ങൾ ഇന്നുതന്നെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈൽ നമ്പർ സജീവമാണെന്ന് ഉറപ്പാക്കുക. ബാങ്കിൽ നിന്ന് എസ്എംഎസ് അലേർട്ടുകളും ഒടിപികളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. നെറ്റ് ബാങ്കിങ്, യുപിഐ ആപ്പുകൾ, എടിഎമ്മുകൾ വഴിയോ ബാങ്ക് ശാഖ സന്ദർശിച്ചോ നിങ്ങളുടെ യുപിഐ-ലിങ്ക് ചെയ്ത മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യുക.
കൂടാതെ, യുപിഐ ഐഡിയുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോൺ നമ്പർ പ്രവർത്തന രഹിതമായിട്ടുണ്ടെങ്കിൽ എത്രയും വേഗം ബാങ്ക് അക്കൗണ്ടും യുപിഐ വിലാസവും പുതിയ നമ്പറുമായി ബന്ധിപ്പിക്കുക.