
തെൽഅവീവ്: ഇസ്രായേൽ നഗരങ്ങൾക്കുനേരെ നടന്ന ഇറാന്റെ മിസൈൽ ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. ഇസ്രായേലിലെ തന്ത്രപ്രധാന സൈനിക താവളങ്ങളിലൊന്നായ നെവാറ്റിം എയർബേസിൽ മിസൈൽ നാശം വിതച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ 'അസോഷ്യേറ്റഡ് പ്രസ്' ആണ് ആക്രമണത്തിന്റെ ആഘാതം എടുത്തുകാട്ടുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഇവ ഇസ്രായേൽ മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അതീവ സുരക്ഷാ മേഖലകളിലൊന്നാണ് ബീർഷെബയിലെ നെവാറ്റം വ്യോമതാവളം. ഇസ്രായേലിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സേനാ വ്യോമതാവളങ്ങളിലൊന്നാണ് ഇത്. ഇത് ദക്ഷിണ ഇസ്രായേലിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെയാണ് ഇറാന്റെ മിസൈലുകൾ നാശം വിതച്ചത്. ആക്രമണത്തിനിരയായ സൈനിക കേന്ദ്രങ്ങളെ കുറിച്ചുള്ള വാർത്തകൾക്ക് ഇസ്രായേൽ സെൻസർഷിപ്പ് ഏർപ്പെടുത്തുന്നതിനിടെയാണു പുതിയ ദൃശ്യങ്ങൾ പുറത്തുവരുന്നത്.