
ഡാലസ്: അമേരിക്കയിലെ മികച്ച മാധ്യമ പ്രവർത്തകൻ, മികച്ച മലയാളി സംഘടനാ പ്രവർത്തകൻ, സാമൂഹിക സാംസ്കാരിക പ്രവർത്തകൻ എന്നിവരെ കണ്ടെത്തുന്നതിനായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് നാമനിർദ്ദേശ ക്ഷണിച്ചതിന് മികച്ച പ്രതികരണമാണ് ഉണ്ടായതെന്ന് പ്രസിഡന്‍റ് സണ്ണി മാളിയേക്കൽ(IPCNT is looking For the Best Media Workers). മെയിൽ വഴി നിർദ്ദേശങ്ങൾ അയക്കുന്നതിനുള്ള അവസാന തീയതി നാളെ (ഡിസംബർ 31) കഴിയാനിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അമേരിക്കൻ മാധ്യമ പ്രവർത്തകർക്ക് കാഷ് അവാർഡ് പ്രഖ്യാപിക്കുന്ന ആദ്യ മാധ്യമ സംഘടനയാണ് ഐ.പി.സി.എൻ.ടി. ഇ. സംഘടനാ ഭാരവാഹികളിൽ നിന്നും വ്യക്തികളിൽ നിന്നും ലഭിക്കുന്ന നാമനിർദ്ദേശങ്ങൾ പരിശോധിച്ച് പ്രസ് ക്ലബ് നിയോഗിക്കുന്ന വിദഗ്ധ സമിതി അംഗീകാരം അർഹിക്കുന്നവരെ തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ഡോ. ഹരി നമ്പൂതിരി, ഡോ. സ്റ്റീഫൻ പോട്ടൂർ, ഏബ്രഹാം മാത്യൂസ് (കൊച്ചുമോൻ), ലാലി ജോസഫ് എന്നിവർ ഉൾപ്പെടുന്ന നാലംഗ അവാർഡ് കമ്മിറ്റിയാണ് ജേതാക്കളെ കണ്ടെത്തുക.
ഡാലസിൽ ജനുവരി 26ന് ഐ.പി.സി.എൻ.ടി സ്ഥാപക പ്രസിഡന്‍റ് ഏബ്രഹാം തെക്കേമുറി ഹാളിൽ പ്രസിഡന്‍റ് സണ്ണി മാളിയേക്കൽ അധ്യക്ഷതയിൽ ചേരുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് 2024 പ്രവർത്തന സമാപന സമ്മേളനത്തിൽ അവാർഡ് ദാനം നടക്കും. നിർദ്ദേശങ്ങൾ അയക്കാനുള്ള ഇ മെയിൽ: ipcnt2020@gmail.com, asianettv@gmail.com. അല്ലെങ്കിൽ ഐ.പി.സി.എൻ.ടി സംഘടനാ ഭാരവാഹികളായ സാം മാത്യു, പ്രസാദ് തിയോടിക്കൽ, തോമസ് ചിറമേൽ, അനശ്വർ മാമ്പിള്ളി, സിജു ജോർജ് എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.