
ബെയ്റൂത്ത്: ഇസ്രായേലിന്റെ കരയാക്രമണം നേരിടാൻ തയാറെന്ന് വ്യക്തമാക്കി ഹിസ്ബുല്ല. പുതിയ മേധാവിയെ ഉടൻ തന്നെ തെരഞ്ഞെടുക്കുമെന്നും ഹിസ്ബുല്ല ഡെപ്യൂട്ടി ചീഫ് നഈം ഖാസിം വ്യക്തമാക്കി. മേധാവി ഹസൻ നസ്റുല്ല കൊല്ലപ്പെട്ടതിനു ശേഷം ഹിസ്ബുല്ലയുടെ ആദ്യ പരസ്യപ്രതികരണമായിരുന്നു നഈം ഖാസിമിന്റെ വീഡിയോ സന്ദേശം. ഹിസ്ബുല്ലയുടെ സൈനികശേഷി തകർക്കാൻ ഇസ്രായേലിന് സാധിച്ചിട്ടില്ലെന്നും സയണിസത്തിനെതിരായ പോരാട്ടം നേരത്തെ നിശ്ചയിച്ച പോലെ തന്നെ തുടരുമെന്നും നഈം ഖാസിം വ്യക്തമാക്കി.
'ഏത് ആക്രമണത്തെയും ഞങ്ങൾ നേരിടും. ശത്രുരാജ്യം കരയിലൂടെ പ്രവേശിച്ചാൽ ഹിസ്ബുല്ല പോരാളികൾ അവരെ ചെറുക്കാൻ തയാറാണ്'- അദ്ദേഹം അറിയിച്ചു. ഹൈഫ, മാലെ അദുമിം തുടങ്ങിയ നഗരങ്ങൾ ഉൾപ്പെടെ ഇസ്രായേലിലേക്കുള്ള മിസൈൽ വിക്ഷേപണങ്ങൾ വർധിപ്പിച്ചിട്ടുണ്ടെന്നും ഖാസിം വ്യക്തമാക്കി.