ചെന്നൈ: വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചെന്ന പേരിൽ പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡിൽ നിർണായകമായ സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഒന്നരക്കോടി രൂപയും പിടിച്ചെടുത്തതായി റിപ്പോർട്ട്. ചെന്നൈ കോടമ്പാക്കത്തെ ഓഫിസിലും വീട്ടിലുമായി 14 മണിക്കൂർ നീണ്ട പരിശോധനയാണ് നടന്നത്. ഗ്രൂപ്പ് ചെയർമാനായ ഗോകുലം ഗോപാലനെ, കോഴിക്കോടും ചെന്നൈയിലുമായി ഇ.ഡി ഏഴര മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യൽ ഇന്നും തുടരുമെന്നാണ് വിവരം.
അതേസമയം, ഗോകുലം ഗ്രൂപ്പിന്റെ ധനകാര്യസ്ഥാപനങ്ങളിലെ ഇടപാടുകള്‍ കഴിഞ്ഞ 3 മാസമായി ഇ.ഡിയുടെ നിരീക്ഷണത്തിലായിരുന്നുവെന്നാണ് വിവരം. 2022 ൽ ഇ.ഡിയുടെ കൊച്ചി യൂണിറ്റ് റജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായാണ് ഇപ്പോൾ നടക്കുന്ന അന്വേഷണം. ഇടപാടുകളിൽ സംശയം തോന്നിയതോടെയാണ് ഇ.ഡി റെയ്ഡ് നടത്തിയത്. എന്നാൽ, എമ്പുരാനുമായി ബന്ധപ്പെട്ട വിവാദങ്ങളുമായി റെയ്‌ഡിനു ബന്ധമില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഗോകുലം നിർമിച്ച ചില സിനിമകളിൽ നിക്ഷേപിച്ചത് ഫെമ നിയമം ലംഘിച്ച് സ്വീകരിച്ച പണമാണെന്നാണ് ഇ.ഡിയുടെ വിലയിരുത്തൽ. ഗോകുലം ഗ്രൂപ്പിന്റെ ധനകാര്യ സ്ഥാപനം പ്രവാസികളില്‍ നിന്നടക്കം ചട്ടങ്ങള്‍ ലംഘിച്ച് പണം സ്വീകരിച്ചുവെന്നും ഇ.ഡി പറയുന്നു.