
കാലിഫോർണിയ: സൺസെറ്റ് കാട്ടുതീയ്ക്ക് പുറമെ തീ ചുഴലിക്കാറ്റും ലോസ്‌ആഞ്ചലസ് അഭിമുഖീകരിക്കുന്നതായി റിപ്പോർട്ടുകൾ( Fire Storm). കാട്ടുതീ അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ തീ ചുഴലിക്കാറ്റിനെ കൂടി നേരിടേണ്ടി വരുന്നത്.
നഗരത്തിലെ സാൻ ഫെർണാണ്ടോ താഴ്‌വരയിലേക്ക് തീജ്വാലകൾ അടുക്കുന്നതിനിടെ തീ ചുഴലിക്കാറ്റ് രൂപപ്പെടുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. തീയുടെ കൂടെ പ്രക്ഷുബ്ധമായ കാറ്റും ചേരുന്നതോടെ തീ, ചാരം, പുക എന്നിവ ചുഴലിക്കാറ്റിന് സമാനമായ രീതിയിൽ വീശിയടിക്കുന്നു. ഇതാണ് തീ ചുഴലിക്കാറ്റ് എന്ന് അറിയപ്പെടുന്നത്.
എൽ.എ (ലൊസാഞ്ചലസ്) കൗണ്ടിയിൽ തീ ചുഴലിക്കാറ്റ് അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. തീവ്രമായ ചൂട് വേഗത്തിൽ ഉയരുന്നതിനാൽ കാട്ടുതീ സമയത്ത് തീ ചുഴലിക്കാറ്റ് പ്രതിഭാസം സംഭവിക്കാറുള്ളതാണ്. അഗ്നിശമന സേനാംഗങ്ങൾ തീ പടരുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് പല മേഖലകളിലും തീ ചുഴലിക്കാറ്റ് പ്രതിഭാസം അനുഭവപ്പെട്ടത്.