തിരുവനന്തപുരം: പാളയം യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ എക്‌സൈസ് നടത്തിയ റെയ്‌ഡിൽ ചില മുറികളില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തു. ആളൊഴിഞ്ഞ ഒരു മുറിയില്‍നിന്ന് 20 ഗ്രാം കഞ്ചാവ് കിട്ടിയതായി എക്‌സൈസ് സംഘം പറയുന്നു. മുറിയില്‍ വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നില്ല. പരിശോധന പെട്ടെന്ന് അവസാനിപ്പിച്ച് എക്‌സൈസ് സംഘം മടങ്ങി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഹരികൃഷ്ണന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. 15 മുറികളില്‍ പരിശോധന നടത്തി.
ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് വ്യാപകമായ റെയ്ഡ് ഉദ്ദേശിച്ചാണ് എക്‌സൈസ് എത്തിയത്. എന്നാല്‍ മൂന്നു നാലു മുറികളില്‍ പരിശോധന നടത്തിയതിനു ശേഷം സംഘം പെട്ടെന്ന് മടങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസം പരിശോധനകളുടെ ഭാഗമായി നഗരത്തില്‍ അറസ്റ്റ് ചെയ്ത ആളുകളില്‍നിന്നു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹോസ്റ്റലില്‍ റെയ്ഡ് നടത്താന്‍ എക്‌സൈസ് തീരുമാനിച്ചത്. എല്ലാ മുറികളിലും പരിശോധന നടത്താനായിരുന്നു എക്സൈസിന്റെ തീരുമാനം.