

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച താരിഫ് നയം ഇന്ന് നിലവിൽ വരാനിരിക്കെ മെക്സിക്കോയ്ക്ക് മേൽ 25% ഇറക്കുമതി താരിഫ് ചുമത്തിയ നടപടി മരവിപ്പിച്ചു(Donald Tramp). ഒരു മാസത്തേക്കാണ് ട്രംപ് നടപടി മരവിപ്പിച്ചത്. ട്രംപ്, മെക്സിക്കൻ പ്രസിഡന്റ് ക്ലൗഡിയ ഷെയ്‌ൻബോമുമായി ഫോൺ സംഭാഷണം നടത്തിയതിന് ശേഷമാണ് തീരുമാനം മാറ്റിയത്. ഇതേ വിഷയത്തിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ട്രംപുമായി ചർച്ച നടത്തുമെന്ന് സൂചനയുണ്ട്. കാനഡയ്ക്ക് 25 % വും ചൈനയ്ക്ക് 10% വും താരിഫാണ് ട്രംപ് പ്രഖ്യാപിച്ചിട്ടുള്ളത്.
എന്നാൽ, ട്രംപിന്റെ അടുത്ത ലക്ഷ്യം യൂറോപ്യൻ യൂണിയനാണെന്ന് ട്രംപ് പറഞ്ഞു. യൂറോപ്പിൽ നിന്നും ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക് താരിഫ് ഉടൻ ഏർപ്പെടുത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്. "യൂറോപ്പ്, യു.എസിനെ ശരിക്കും മുതലെടുത്തു. അവർ നമ്മുടെ കാറോ ഫാം ഉത്പന്നങ്ങളോ വാങ്ങില്ല. ചുരുക്കത്തിൽ ഒന്നും വാങ്ങുന്നില്ല. എന്നാൽ നമ്മൾ അവരുടെ എല്ലാ ഉത്പന്നങ്ങളും വാങ്ങുന്നു" – ട്രംപ് ആരോപിച്ചു.