
ഗസ്സ സിറ്റി: കമാൽ അദ്വാൻ ആശുപത്രിയിൽ ഇസ്രായേൽ സേന നടത്തിയ ബോംബാക്രമണത്തിലും വെടിവെപ്പിലും 29 ആളുകൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ അഞ്ച് കുട്ടികളും സ്ത്രീകളും ഉൾപ്പെടും. കമാൽ അദ്വാൻ ആശുപത്രിയും പരിസരവും ദുരന്തസമാന സാഹചര്യമാണ് നേരിടുന്നതെന്ന് ഡയറക്ടർ ഡോ. ഹുസ്സം അബു സഫിയ വ്യക്തമാക്കി.
രണ്ട് മാസമായി അധിനിവേശസേന ഭക്ഷ്യസഹായവും മരുന്ന് വിതരണവും വിലക്കി കനത്ത ആക്രമണം നടത്തുന്ന ബൈത് ലാഹിയയിൽ ഭാഗികമായെങ്കിലും പ്രവർത്തിക്കുന്ന ചുരുക്കം ആശുപത്രികളിലൊന്നാണ് കമാൽ അദ്വാൻ. വെള്ളിയാഴ്ച രാവിലെ നാലിന് എത്തിയാണ് ഇസ്രായേൽ ടാങ്കുകൾ ആശുപത്രി ആക്രമിച്ചതെന്ന് ലോകാരോഗ്യ സംഘടനയുടെ ഗസ്സയിലെ പ്രതിനിധി ഡോ. റിക് പീപെർകോം വ്യക്തമാക്കി.