ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പോലുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലുടനീളം കേന്ദ്രത്തിന്റെ രാഷ്ട്രീയ എതിരാളികളെ കീഴ്പ്പെടുത്താൻ ഉപയോഗിക്കുന്നുണ്ടെന്ന് സിപിഐ എം എംപി കെ രാധാകൃഷ്ണൻ ആരോപിച്ചു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഏജൻസിക്ക് മുന്നിൽ ഹാജരാകാൻ ഇഡിയുടെ നോട്ടീസ് ലഭിച്ചതിനെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ് രാധാകൃഷ്ണൻ ഈ ആരോപണം ഉന്നയിച്ചത്.
നോട്ടീസിൽ കരുവന്നൂർ കേസിനെക്കുറിച്ച് പരാമർശിക്കുന്നില്ലെന്നും പകരം ബാങ്ക് അക്കൗണ്ടുകളും ഭൂമി രേഖകളും ഉൾപ്പെടെയുള്ള സ്വത്തുക്കളുടെ വിശദാംശങ്ങൾ ഹാജരാക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും എംപി പറഞ്ഞു.
“പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ എനിക്ക് ഇപ്പോൾ ഏജൻസിക്ക് മുന്നിൽ ഹാജരാകാൻ കഴിയില്ലെന്ന് വ്യക്തമാക്കുന്ന ഒരു കത്ത് ഞാൻ അയച്ചിട്ടുണ്ട്. സമ്മേളനം കഴിഞ്ഞാൽ ഉടൻ ഏജൻസിക്ക് മുന്നിൽ ഹാജരാകും. ഞാൻ സമ്പാദിച്ച സ്വത്തുക്കൾ അവർ അന്വേഷിക്കുകയാണ്. അവർ അന്വേഷിച്ച് കണ്ടെത്തട്ടെ." - അദ്ദേഹം പറഞ്ഞു. ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്നും കേരളത്തിലെ ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയായ രാധാകൃഷ്ണൻ അറിയിച്ചു.
കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 15 ന് ചോദ്യം ചെയ്യലിനായി ഇഡി രാധാകൃഷ്ണനെ വിളിപ്പിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) മൊഴി രേഖപ്പെടുത്താൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു.
സിപിഐ(എം) നിയന്ത്രണത്തിലുള്ള ബാങ്കിൽ 150 കോടി രൂപയുടെ ക്രമക്കേടുകൾ നടത്തിയെന്നാരോപിച്ച് 2021 ജൂലൈയിൽ, തൃശൂരിൽ കേരള പോലീസ് ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത 16 എഫ്‌ഐആറുകളിലാണ് കള്ളപ്പണം വെളുപ്പിക്കൽ കേസ്. 2023 ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ ഈ കേസിൽ ഇഡി റെയ്ഡുകൾ നടത്തുകയും 117 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തിരുന്നു.