പാനമ: ആഫ്രിക്കൻ രാജ്യമായ ടോഗോയിലെ ലോമെ തുറമുഖത്തുനിന്നു കാമറൂണിലേക്കു പോകുന്നതിനിടെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ മലയാളികളും ഉണ്ടെന്ന് വിവരം. 18 ജീവനക്കാരുമായി പോകുകയായിരുന്ന ചരക്കുകപ്പലാണ് കടൽക്കൊള്ളക്കാർ റാഞ്ചിയത്. കാസർകോട് ബേക്കൽ പനയാൽ അമ്പങ്ങാട് കോട്ടപ്പാറയിലെ രജീന്ദ്രൻ ഭാർഗവനും (35) ഒരു കൊച്ചി സ്വദേശിയും ഉൾപ്പെടെ കപ്പലിൽ 7 ഇന്ത്യക്കാർ ഉണ്ടെന്നാണ് വിവരം.
മാർച്ച് 17 ന് രാത്രിയാണ് കപ്പൽ റാഞ്ചിയതെന്ന് പാനമയിലെ വിറ്റൂ റിവർ കപ്പൽ കമ്പനി രജീന്ദ്രന്റെ ബന്ധുക്കളെ അറിയിച്ചു. മുംബൈ ആസ്ഥാനമായ മേരിടെക് ടാങ്കർ മാനേജ്മെന്റിന്റെ ചരക്കുമായി പോകുകയായിരുന്നു ചരക്കുകപ്പൽ. കടൽക്കൊള്ളക്കാരുമായി കപ്പൽക്കമ്പനി അധികൃതർ ചർച്ച നടത്തിയെന്നും ജീവനക്കാർ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രജീന്ദ്രന്റെ ബന്ധുക്കൾ മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിമാർക്കും എംപിമാർക്കും നിവേദനം നൽകിയിട്ടുണ്ട്.