
വാഷിങ്‌ടൺ: പടിയിറങ്ങും മുൻപുള്ള അവസാന വാർത്താസമ്മേളനത്തിൽ അമേരിക്ക സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനെതിരെ മാധ്യമപ്രവർത്തകർ ശക്തമായി പ്രതിഷേധിച്ചു(Antony Blinken).
ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയ്ക്ക് കുടപിടിക്കുന്ന ബ്ലിങ്കൻ 'വംശഹത്യാ സെക്രട്ടറി'യും യുദ്ധക്കുറ്റവാളിയും ആണെന്ന് വളിച്ചു പറഞ്ഞാണ് രണ്ട് മാധ്യമപ്രവർത്തകർ വാർത്താസമ്മേളനത്തിൽ പ്രതിഷേധിച്ചത്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് സുരക്ഷാ ജീവനക്കാരെത്തി മാധ്യമപ്രവർത്തകരെ പ്രസ്സ് റൂമിൽ നിന്ന് വലിച്ചിഴച്ചുകൊണ്ടുപോയി.
'യുദ്ധക്കുറ്റവാളിയായ ബ്ലിങ്കൻ ഹേഗിലെ അന്താരാഷ്ട്ര കോടതിയിലാണ് നിൽക്കേണ്ടതെ'ന്നും ഗ്രേസോൺ എഡിറ്റർ മാക്സ് ബ്ലുമെന്തൽ, സ്വതന്ത്ര മാധ്യമപ്രവർത്തകൻ സാം ഹുസെയ്‌നി എന്നിവർ വിളിച്ചു പറഞ്ഞു. 2023 ഒക്ടോബർ ഏഴിന് ഗാസയിലേക്ക് ഇസ്രയേൽ കടന്നാക്രമണം ആരംഭിച്ചതിനു ശേഷം ബ്ലിങ്കൻ പന്ത്രണ്ട് തവണയാണ് ഇസ്രയേലിനെ സഹായിക്കാനായി പശ്ചിമേഷ്യ സന്ദർശിച്ചത്. യുദ്ധക്കുറ്റവാളിയാണ് ബ്ലിങ്കൻ എന്ന് മാധ്യമ പ്രവർത്തകർ വിളിച്ചു പറയാനുള്ള കാരണവും ഇത് തന്നെയായിരുന്നു.