കാബൂൾ: അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള തർക്കം കടുക്കുന്നു. കാബൂളിലെ ലഹരിവിമുക്ത കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ആശുപത്രിക്ക് നേരെ പാകിസ്ഥാൻ നടത്തിയതെന്ന് കരുതുന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 400 കവിഞ്ഞതായി താലിബാൻ സർക്കാർ അറിയിച്ചു. തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയാണ് ആക്രമണം നടന്നത്.(Airstrike on hospital in Afghanistan kills 400 people )
കാബൂളിലെ 2000 കിടക്കകളുള്ള ലഹരിവിമുക്ത ആശുപത്രിയാണ് ആക്രമിക്കപ്പെട്ടത്. താലിബാൻ വക്താവ് ഹമദുള്ള ഫിത്രത്ത് ആണ് മരണസംഖ്യ സംബന്ധിച്ച പുതിയ വിവരങ്ങൾ പങ്കുവെച്ചത്. ഏകദേശം 250-ലധികം ആളുകൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരിൽ ഭൂരിഭാഗവും ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗികളാണ്.
വ്യോമാക്രമണത്തിൽ ആശുപത്രിയുടെ വലിയൊരു ഭാഗം പൂർണ്ണമായും തകർന്നു. രാത്രിയിൽ നടന്ന ആക്രമണമായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. സ്ഫോടനത്തിന് പിന്നാലെ ആശുപത്രിയിൽ തീ പടരുകയും വാർഡുകളിൽ പുകയും പൊടിയും നിറഞ്ഞതായും പലരും മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രി ലക്ഷ്യം വെച്ചെന്ന ആരോപണം പാകിസ്ഥാൻ പാടെ തള്ളിക്കളഞ്ഞു. തങ്ങൾ ഭീകര കേന്ദ്രങ്ങളെയും സൈനിക ഇൻസ്റ്റാളേഷനുകളെയും മാത്രമാണ് ലക്ഷ്യം വെച്ചതെന്ന് പാകിസ്ഥാൻ ഇൻഫർമേഷൻ മിനിസ്റ്റർ അറ്റാവുള്ള തരാർ അവകാശപ്പെട്ടു.
കാബൂളിലും നംഗർഹാർ പ്രവിശ്യയിലുമുള്ള താലിബാൻ അനുകൂല തീവ്രവാദികളുടെ ആയുധപ്പുരകളും സാങ്കേതിക കേന്ദ്രങ്ങളുമാണ് തകർത്തതെന്നാണ് പാകിസ്ഥാൻ്റെ വാദം. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചിട്ടില്ലെന്നും താലിബാൻ്റെ ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതിർത്തിയിൽ കഴിഞ്ഞ മൂന്ന് ആഴ്ചയായി ഇരുരാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. അഫ്ഗാനിസ്ഥാൻ തങ്ങളുടെ മണ്ണിൽ തീവ്രവാദികൾക്ക് താവളമൊരുക്കുന്നുവെന്ന് പാകിസ്ഥാനും, പാകിസ്ഥാൻ തങ്ങളുടെ പരമാധികാരം ലംഘിക്കുന്നുവെന്ന് താലിബാനും പരസ്പരം ആരോപിക്കുന്നു.

