
മാണ്ഡി: ഹിമാചൽപ്രദേശിൽ ഷിംലക്ക് പിന്നാലെ മാണ്ഡിയിലും അനധികൃത പള്ളി നിർമാണം ആരോപിച്ച് തീവ്ര ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം. മാണ്ഡി മുനിസിപ്പാലിറ്റിയുടെ നിർദേശത്തെ തുടർന്ന് പള്ളിയുടെ ഒരു ഭാഗം മുസ്‍ലിംകൾ തന്നെ പൊളിച്ചിട്ടും പ്രതിഷേധം തുടർന്നവരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. കൈയേറ്റം 30 ദിവസത്തിനകം ഒഴിയണമെന്ന് മാണ്ഡി മുനിസിപ്പാലിറ്റി പള്ളി കമ്മിറ്റിക്ക് നോട്ടീസ് നൽകിയിരുന്നു. ജയ് ശ്രീറാം വിളികളോടെ റാലിയായാണ് ഇവർ എത്തിയത്. പ്രതിഷേധക്കാർ പിന്നീട് പള്ളിയിലേക്ക് നീങ്ങാൻ ശ്രമിച്ചതോടെ പൊലീസ് ഇവരെ തടയുകയും പിരിച്ചുവിടാൻ ജലപീരങ്കി പ്രയോഗിക്കുകയുമായിരുന്നു.
പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്താണ് പള്ളിയുടെ ഒരു ഭാഗമെന്നാണ് മുനിസിപ്പാലിറ്റി നോട്ടീസിൽ പറഞ്ഞത്. സംസ്ഥാനത്ത് സർക്കാർ ഭൂമിയിൽ നിർമിച്ച മുസ്‍ലിംകളുടെ എല്ലാ അനധികൃത നിർമാണങ്ങളും പൊളിക്കണമെന്ന് വി.എച്ച്.പിയും ബജ്റംഗ്ദളും ആവശ്യപ്പെട്ടു.