
വാഷിങ്ടൻ ∙ ഡോണള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്കു പിന്നാലെ നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്കെതിരെ യുഎസിൽ നടപടി തുടങ്ങി. 538 നിയമവിരുദ്ധ കുടിയേറ്റക്കാരെ ഇതുവരെ പിടിയിലാക്കിയതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു. ''ട്രംപ് ഭരണകൂടം 538 നിയമവിരുദ്ധ കുടിയേറ്റക്കാരായ ക്രിമിനലുകളെ അറസ്റ്റ് ചെയ്തു. ഇതില്‍ തീവ്രവാദികളെന്ന് സംശയിക്കപ്പെടുന്ന വ്യക്തിയും ക്രിമിനല്‍ ഓര്‍ഗനൈസേഷനായ ട്രെന്‍ ഡി അരഗ്വ ഗ്യാങിലെ 4 അംഗങ്ങളും പ്രായപൂര്‍ത്തിയല്ലാത്തവര്‍ക്ക് നേരെ ലൈംഗികാതിക്രമങ്ങള്‍ നടത്തിയവരും ഉള്‍പ്പെടുന്നു'' – വൈറ്റ് ഹൗസ് വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
നിരവധി അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനത്തിലൂടെ കയറ്റി വിട്ടു. ട്രംപ് വാഗ്ദാനം ചെയ്ത ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ പുരോഗമിക്കുകയാണെന്നും വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. അറസ്റ്റ് ഭീഷണിയുള്ളതിനാല്‍ കലിഫോര്‍ണിയ, ഷിക്കാഗോ തുടങ്ങിയ സംസ്ഥാനങ്ങളിലെ കുടിയേറ്റക്കാരില്‍ പലരും കഴിഞ്ഞ ദിവസങ്ങളില്‍ ജോലിക്ക് വന്നില്ല. അമേരിക്കയില്‍ നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും അനധികൃത കുടിയേറ്റക്കാരാണ്.