റേവ: മധ്യപ്രദേശിലെ റേവ ജില്ലയിൽ മോഷണശ്രമം തടഞ്ഞ 60-കാരനെ ബൈക്കിന് പിന്നിൽ കെട്ടിയിട്ട് കിലോമീറ്ററുകളോളം റോഡിലൂടെ വലിച്ചിഴച്ചു (Man Dragged Behind Bike). സിമരിയ പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമാണ് മനഃസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. ലക്ഷ്മൺ പ്രജാപതി എന്ന വൃദ്ധനാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. സിമരിയയിൽ നടന്ന മേളയിൽ പങ്കെടുത്ത ശേഷം സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു അദ്ദേഹം.
യാത്രയ്ക്കിടെ പദ്രായിക്ക് സമീപം ബൈക്കിലെത്തിയ ഒരു സംഘം യുവാക്കൾ അദ്ദേഹത്തെ തടഞ്ഞുനിർത്താൻ ശ്രമിച്ചു. എന്നാൽ ഇത് അവഗണിച്ച് മുന്നോട്ട് പോയ ലക്ഷ്മണിനെ യുവാക്കൾ പിന്തുടർന്ന് പിടികൂടുകയും മർദ്ദിക്കുകയുമായിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ കൈകൾ മഫ്ലർ ഉപയോഗിച്ച് കെട്ടി ബൈക്കിന് പിന്നിൽ ഘടിപ്പിച്ച് മൂന്ന് മുതൽ നാല് കിലോമീറ്റർ വരെ ദൂരം റോഡിലൂടെ വലിച്ചിഴച്ചു. റോഡിൽ ഉരഞ്ഞ് അദ്ദേഹത്തിന്റെ ശരീരമാകെ ആഴത്തിലുള്ള മുറിവുകൾ സംഭവിക്കുകയും കൈമുട്ടിലെ അസ്ഥി പുറത്തുവരികയും ചെയ്യുന്ന തരത്തിൽ ഗുരുതരമായി പരിക്കേറ്റു.
സംഭവം കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തിയാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. നിലവിൽ റേവയിലെ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ പ്രകോപിതരായ ഗ്രാമവാസികൾ റോഡ് ഉപരോധിക്കുകയും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മൂന്ന് യുവാക്കളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചു. ഒരാളെ തിരിച്ചറിഞ്ഞതായും ഒളിവിലുള്ള പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
In a brutal incident in Madhya Pradesh’s Rewa district, a 60-year-old man named Lakshman Prajapati was dragged behind a motorcycle for nearly four kilometers after resisting a robbery attempt. The attackers tied his hands to the bike and dragged him along the road, causing severe injuries and deep abrasions. He is currently in critical condition at Sanjay Gandhi Hospital. Police have identified one of the three suspects involved and are conducting searches to arrest the others following widespread public outrage and road blockades by villagers.



