
ഗംഗാ രാജ് . ജി
1886 - ൽ ചിക്കാഗോയിലാണ് തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി ഒരു ദിവസം വേണമെന്ന ആശയം ആദ്യം ഉടലെടുത്തത്. മുതലാളിത്തത്തിന്റെ മേൽക്കോയ്മയ്ക്കുമേൽ അടിച്ചമർത്തലുകൾ ഏറ്റു വാങ്ങി കിടക്കേണ്ടി വന്ന ഒരു കൂട്ടം തൊഴിലാളികളുടെ ഉള്ളിൽ ഉയിർകൊണ്ട ഒരു സുവർണ്ണ സ്വപ്നം! അതായിരുന്നു സാർവ്വദേശീയ തൊഴിലാളി ദിനം!
ഇരുപത് മണിക്കൂർ തുടർച്ചയായ ജോലിയും നാലുമണിക്കൂർ വിശ്രമവും തുച്ഛമായ വേതനത്തിനുമെതിരെ മൂന്ന് ലക്ഷത്തിലധികം തൊഴിലാളികളാണ് അന്ന് ചിക്കാഗോയിലെ നിരത്തിലിറങ്ങിയത്. എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിശ്രമം, എട്ടുമണിക്കൂർ വിനോദമെന്ന അവരുടെ അവകാശ വാദം മുദ്രാവാക്യമായി അവിടെങ്ങും അലയടിച്ചു. പ്രതിഷേധം കൊടുമ്പിരി കൊണ്ടതോടെ മുതലാളിത്തത്തിന്റെ കസേരകൾക്ക് സ്ഥാനഭ്രംശനമുണ്ടായി. മെയ് ഒന്നിന് തുടങ്ങിയ സമരത്തിന്റെ കൃത്യം മൂന്നാം ദിവസം പോലീസ് പ്രതിഷേധക്കാർക്കിടയിലേക്ക് പാഞ്ഞു കയറി. സംഭവത്തിൽ രണ്ടു തൊഴിലാളികൾ നിർദാക്ഷീണ്യം കൊല്ലപ്പെട്ടു. മാത്രമല്ല; തൊട്ടടുത്ത ദിവസം ചിക്കാഗോയിലെ ഹേയ് മാർക്കറ്റിൽ സമാധാന സമ്മേളനം നടത്തിയ പ്രതിഷേധക്കാർക്ക് മേൽ പോലീസ് ക്രൂരമായി നിറയൊഴിക്കുകയും ബോംബ് എറിയുകയും ചെയ്തു. ഇതിൽ ആറു പേർ തത്ക്ഷണം പിടഞ്ഞു വീണു മരിച്ചു. പ്രതിഷേധത്തിന് നേതൃത്വം വഹിച്ചവരെ മുൻ പിൻ ചിന്തിക്കാതെ കഴുവേറ്റി. കഴിയുന്നത്രപേരെ ജയിലിലടച്ചു. ഇത് പ്രതിഷേധക്കാർക്ക് നേരിടേണ്ടി വന്ന വലിയ പ്രഹരമായിരുന്നു. എന്നാൽ തോറ്റു പിന്മാറാൻ തയ്യാറാവാതെ അവർ ധീരതയോടെ മുന്നോട്ടു പോയതോടെ പ്രതിഷേധം കൂടുതൽ ശക്തിയാർജ്ജിച്ചു. ചിക്കാഗോ നഗരം പ്രതിഷേധത്തിന്റെ രക്തത്താൽ ചുവന്നു തുടങ്ങി. ആ ചുവപ്പും മുതലാളിത്തത്തിന്റെ നെറികെട്ട പ്രവർത്തിയും കടൽ കടന്ന് ലോകം മുഴുവൻ പ്രചരിച്ചു. മുതലാളിത്തത്തിന്റെ അധികാര ചൊൽപ്പനകൾക്ക് തൊഴിലാളികൾ വഴങ്ങില്ലെന്ന് മനസ്സിലായതോടെ മുതലാളിമാർക്ക് ഒടുവിൽ അവരുടെ ആവശ്യം അംഗീകരിക്കേണ്ടതായി വന്നു. ശേഷം, 1889 - ൽ പാരീസിൽ ചേർന്ന രാജ്യാന്തര സോഷ്യലിസ്റ്റ് കോൺഗ്രസ് സമ്മേളനത്തിൽ മെയ് ഒന്ന് തൊഴിലാളി ദിനമായി ആദ്യമായി പ്രഖ്യാപിച്ചു. ഈ സംഭവത്തിന്റെ ചുവടുപിടിച്ച് തുടർന്ന് പല രാജ്യങ്ങളിലും തൊഴിലാളികൾ തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ചു നിരത്തിലിറങ്ങി. 1923 - ൽ ലേബർ കിസാൻ പാർട്ടി ഓഫ് ഹിന്ദുസ്ഥാനാണ് മദ്രാസിൽ വച്ച് മെയ് 1 ന് ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി ദിന ആഘോഷം നടത്തിയത്. സിംഗാരവേലു ചെട്ടിയാർ നേതൃത്വം വഹിച്ച ഇതേ ആഘോഷ വേളയിലാണ് ഭാരത മണ്ണിൽ ആദ്യമായി ചെങ്കൊടി പാറിയതും. ഇന്ന് ലോകത്തെ എൺപതോളം രാഷ്ട്രങ്ങൾ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന്റെ വാർഷിക ദിനമായും മെയ് 1 "തൊഴിലാളി ദിന"മായും തൊഴിലാളികൾക്ക് ശമ്പളത്തോടു കൂടിയ പൊതു അവധി നൽകിയും ആചരിച്ചു പോരുന്നു.
പത്തൊൻപതാം നൂറ്റാണ്ടിൽ നിന്നും ഇന്ന് ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ എത്തുമ്പോൾ തൊഴിലാളികൾ പ്രതിഷേധിച്ചു നേടിയെടുത്ത അവകാശങ്ങൾക്ക് എന്ത് വിലയാണ് ഭാവിയിൽ കിട്ടാനിടയുള്ളതെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. വിവര വിനിമയ സാങ്കേതിക വിദ്യയുടെ കടന്നു വരവോടെ രാജ്യത്ത് തൊഴിൽ സാധ്യതകൾ വർധിച്ചിരുന്നുവെങ്കിലും നിർമ്മിത ബുദ്ധിയുടെ വരവോടെ തൊഴിലാളികളെ കൂട്ടമായും അല്ലാതെയും പറഞ്ഞു വിടാവുന്ന സ്ഥിതി വിശേഷമാണ് വരാനിരിക്കുന്നത്. യന്ത്രത്തിന്റെ കണ്ടുപിടിത്തത്തോടെ ജോലി ഭാരം കുറഞ്ഞത് ആശ്വാസമായി കണ്ട മനുഷ്യന് എ.ഐയുടെയും റോബോട്ടിക്സിൻ്റെയും വരവോടെ വീട്ടിലിരിക്കേണ്ട അവസ്ഥയാകും ഉണ്ടാവുകുയെന്ന് പഠനങ്ങൾ പറയുന്നു.
"വളരെ ആഴത്തിലുള്ള ഒന്നാണ് എ.ഐ സാങ്കേതിക വിദ്യ. ഒരോ രംഗത്തും അതിവിദഗ്ധരായി മാറുന്ന എ.ഐയെ ഭാവിയില്‍ കാണാനാവും. ഇതോടെ ഒരാഴ്ചത്തെ ജോലി രണ്ടോ മൂന്നോ ദിവസങ്ങൾ കൊണ്ട് ചെയ്തു തീർക്കാനാവുന്ന ദശകങ്ങളാണ് വരാനിരിക്കുന്നത്" - എന്ന് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് അടുത്തിടെ പറഞ്ഞ ഈ പ്രസ്ഥാവന തൊഴിലാളി സമൂഹം നെഞ്ചിടിപ്പോടെയാണ് ഉൾക്കൊണ്ടത്. തൊഴിൽ ദിനങ്ങൾ കുറഞ്ഞാൽ അതനുസരിച്ച് വേതനവും കുറയും. കൈയ്യിൽ പണമില്ലാത്ത അവസ്ഥവരും. എന്തും വാങ്ങിക്കൂട്ടാൻ മത്സരിച്ച സമ്പന്നൻ ആവശ്യങ്ങൾ പരിമിതപ്പെടുത്തും. പരിമിതമായ ആവശ്യങ്ങളുമായി ജീവിതം മുന്നോട്ട് നീക്കിയവർ ഒന്നും വാങ്ങാനാവാതെ നട്ടം തിരിയും. ചിലപ്പോൾ തൊഴിലിനു വേണ്ടി പുതിയൊരു പ്രതിഷേധമോ വിപ്ലവമോ തന്നെ നടന്നെന്ന് വരാം. അവിടെ പുതിയൊരു അധ്യായം കൂടി തുറക്കപ്പെടും!... മെയ് ഒന്ന് പോലെ ചരിത്രത്തിൽ ഇടം നേടാൻ സാധ്യതയേറെയുള്ളൊരു അധ്യായം!!