
കൊല്ലം: ദേശ വിരുദ്ധ പ്രസ്താവന നടത്തിയെന്ന് ചൂണ്ടിക്കാട്ടി സംവിധായകൻ അഖില്‍ മാരാര്‍ക്കെതിരെ ബി.ജെ.പി പോലീസില്‍ പരാതി നല്‍കി(Akhil Marar). ഒപ്പേറഷൻ സിന്ദൂർ സൈനിക നടപടിക്ക് ശേഷം ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തൽ കരാറിൽ ധാരണയുണ്ടാക്കിയ സാഹചര്യത്തിൽ അഖില്‍ മാരാര്‍ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് ബി.ജെ.പി രംഗത്തെത്തിയത്. പോസ്റ്റ് വിവാദമായതോടെ അഖില്‍ അത് നീക്കിയെങ്കിലും അഖിൽ മാരാർ ദേശ വിരുദ്ധ പ്രസ്താവന നടത്തിയെന്ന് കാട്ടി കൊട്ടാരക്കര മണ്ഡലം കമ്മിറ്റി പോലീസില്‍ പരാതി നല്‍കി.
"അഖില്‍ ഫെയ്‌സ്ബുക്കിലൂടെ നടത്തിയത് രാജ്യവിരുദ്ധപ്രസ്താവനയാണ്. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ ഒറ്റക്കെട്ടായി പാകിസ്താനെതിരെ തിരിച്ചടിക്കുമ്പോള്‍ തികച്ചും രാജ്യവിരുദ്ധമായ പ്രസ്താവനയാണ് അഖില്‍ മാരാര്‍ നടത്തിയത്" - ബിജെപി നേതാവ് അനീഷ് കിഴക്കേക്കര അഭിപ്രായപ്പെട്ടു.