
ചില യാത്രകൾ ആത്മാവിനെ സമ്പന്നമാക്കുന്ന അനുഭവമായിരിക്കും, അത്തരം യാത്രകളിൽ ഉണ്ടാകുന്ന ഓർമ്മകൾ പലപ്പോഴും നമ്മിൽ എന്നെന്നേക്കുമായി നിലനിൽക്കുന്നു. കണ്ണിനും മനസ്സിനും ഒരുപോലെ കുളിർമ പകരുന്ന അനുഭവമാണ് തിരുപ്പതിയിലേക്കുള്ള യാത്ര (Tirupati). തിരുപ്പതി ലോകത്തിലെ ഏറ്റവും ആദരണീയവും പവിത്രവുമായ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്ന്. പ്രകൃതിരമണീയമായ ഏഴ് കുന്നുകൾക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന തിരുപ്പതി, ആത്മീയതയുടെയും പ്രകൃതിസൗന്ദര്യത്തിൻ്റെയും സവിശേഷമായ സമ്മിശ്രണം കൂടിയാണ്.
തിരുപ്പതി, ഐതിഹ്യ പ്രകാരം ഭഗവാൻ മഹാ വിഷ്ണു തൻ്റെ സ്വർഗ്ഗീയ ഭവനമായ വൈകുണ്ഠത്തിന് പകരമായി തിരഞ്ഞെടുത്ത വാസസ്ഥലം എന്നും തിരുപ്പതി അറിയപ്പെടുന്നു. തെക്കുകിഴക്കൻ ആന്ധ്രാപ്രദേശിലെ ജില്ലയിലാണ് തിരുപ്പതി നഗരം സ്ഥിതി ചെയ്യുന്നത്. തിരുപ്പതി ജില്ലയുടെ ഭരണ ആസ്ഥാനം കൂടിയാണ് ഇവിടം. ഹൈന്ദവ ക്ഷേത്രമായ തിരുമല വെങ്കിടേശ്വര ക്ഷേത്രം നഗരത്തിൻ്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. ചെന്നൈയിൽ നിന്ന് 150 കിലോമീറ്ററും, ബാംഗ്ലൂരിൽ നിന്ന് 250 കിലോമീറ്ററും, അമരാവതിയിൽ നിന്ന് 406 കിലോമീറ്ററും അകലെയാണ് നഗരം സ്ഥിതി ചെയ്യുന്നത്.
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ആരാധനാലയങ്ങളിൽ ഒന്നാണ് തിരുപ്പതിയിലെ തിരുമല വെങ്കിടേശ്വര ക്ഷേത്രം. ദിവസേന 50,000 മുതൽ 100,000 വരെ തീർത്ഥാടകർ ക്ഷേത്രത്തിൽ എത്തിച്ചേരുന്നു (പ്രതിവർഷം ശരാശരി 30 മുതൽ 40 ദശലക്ഷം ആളുകൾ), വിശേഷാവസരങ്ങളിലും ഉത്സവങ്ങളിലും, വാർഷിക ബ്രഹ്മോത്സവത്തിലും പങ്കെടുക്കുന്ന, തീർത്ഥാടകരുടെ എണ്ണം 500,000 വരെ നീളുന്നു. തിരുപ്പതി ക്ഷേത്രത്തെ പോലെ പ്രശസ്തമാണ് തിരുപ്പതിയിലെ ലഡു.
ഒരു തീർത്ഥാടന നഗരം എന്നതിൽ ഉപരി, തിരുപ്പതി ദക്ഷിണ ആന്ധ്രാപ്രദേശിൻ്റെ ഒരു ബിസിനസ്സ് ഹബ്ബായി മാറിക്കൊണ്ടിരിക്കുകയാണ്. ആന്ധ്രാപ്രദേശിൻ്റെ ആത്മീയ തലസ്ഥാനം എന്ന് അറിയപ്പെടുന്നു തിരുപ്പതി, IISER, IIT എന്നിവയുടെ വരവോടു കൂടി സംസ്ഥാനത്തിൻ്റെ വിജ്ഞാന കേന്ദ്രം എന്ന നിലയിൽ മാറിയിരിക്കുകയാണ്. ഈ സ്ഥാപനങ്ങൾക്ക് പുറമേ, തിരുപ്പതിയിൽ ദേശീയ അന്തരീക്ഷ ഗവേഷണ ലബോറട്ടറി, ശ്രീ വെങ്കിടേശ്വര യൂണിവേഴ്സിറ്റി, ശ്രീ പത്മാവതി മഹിളാ വിശ്വവിദ്യാലയം, ശ്രീ വെങ്കിടേശ്വര മെഡിക്കൽ കോളേജ്, ശ്രീ പത്മാവതി മെഡിക്കൽ കോളേജ് ഫോർ വുമൻ, ശ്രീ വെങ്കിടേശ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് തുടങ്ങി നിരവധി വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളുണ്ട്. ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും മാത്രം നഗരമല്ല മറിച്ച് അറിവിൻ്റെയും വിജ്ഞാനത്തിൻ്റെയും നഗരം കൂടിയാണ് തിരുപ്പതി.
നഗരവും പുരാണവും
ഹൈന്ദവ പുരാണമായ വരാഹപുരാണം അനുസരിച്ച്, ത്രേതായുഗത്തിൽ, ലങ്കാപുരിയിൽ നിന്ന് മടങ്ങിയെത്തിയ രാമനും സീതയും ലക്ഷ്മണനുമൊപ്പം ഇവിടെ താമസിച്ചു എന്ന് പറയപ്പെടുന്നു. നഗരവുമായി ബന്ധപ്പെട്ട മറ്റൊരു പൂർണ്ണ ചരിത്രം കൂടിയുണ്ട്. തിരുപ്പതിയിലെ തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിൻ്റെ അധിപനായ വിഷ്ണുവിൻ്റെ അവതാരമായ വെങ്കിടേശ്വരൻ എന്നറിയപ്പെടുന്ന ബാലാജിയെ ചുറ്റിപ്പറ്റിയാണ് മറ്റൊരു കഥ. വെങ്കിടേശ്വര ഭഗവാൻ (ബാലാജി) തിരുച്ചാനൂർ രാജാവിൻ്റെ മകളായ പദ്മാവതിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു. എന്നിരുന്നാലും, തൻ്റെ ദാരിദ്ര്യം ചൂണ്ടിക്കാട്ടി മകളെ ഭഗവാന് വിവാഹം കഴിപ്പിക്കാൻ രാജാവ് തയ്യാറായില്ല. തുടർന്ന് ഭഗവാൻ പത്മാവതിയെ വിവാഹം കഴിക്കാൻ സമ്പത്തിൻ്റെ ദേവനായ കുബേരനിൽ നിന്ന് 1 കോടി 11.4 ദശലക്ഷം സ്വർണ്ണ നാണയങ്ങൾ കടം വാങ്ങി. ഭഗവാൻ കടം തിരിച്ചടക്കാത്തതോടെ കടം വീട്ടാൻ ഭക്തരിൽ നിന്ന് സംഭാവനകൾ ശേഖരിക്കാൻ കുബേരൻ ഭഗവാനെ ശപിച്ചു. ഇന്നും, ഭക്തർ തിരുമല വെങ്കിടേശ്വര ക്ഷേത്രം സന്ദർശിക്കുകയും ഭഗവാൻ്റെ കടം വീട്ടുവാനായി സംഭാവനകൾ അർപ്പിക്കുകയും ചെയ്യുന്നു.
തിരുപ്പതിയിൽ കണ്ടിരിക്കേണ്ട പ്രധാന സ്ഥലങ്ങൾ
തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിന് പുറമെ പത്മാവതി ക്ഷേത്രം, കപില തീർത്ഥം, ശ്രീ വരാഹസ്വാമി ക്ഷേത്രം എന്നിവയാണ് മറ്റ് ശ്രദ്ധേയമായ ക്ഷേത്രങ്ങൾ. വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളുടെ ആവാസകേന്ദ്രമായ ശ്രീ വെങ്കിടേശ്വര നാഷണൽ പാർക്കിലെ തലകോണ വെള്ളച്ചാട്ടം. പവിത്രമായി കണക്കാക്കപ്പെടുന്ന ആകാശ ഗംഗ വെള്ളച്ചാട്ടം തിരുപ്പതിയിലെ മറ്റൊരു പ്രധാന ആകർഷണമാണ്. തിരുമലയിലെ ശ്രീ വെങ്കിടേശ്വര മ്യൂസിയം, ശ്രീ വെങ്കിടേശ്വര സുവോളജിക്കൽ പാർക്ക് എന്നിവ പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കുവാൻ സഞ്ചാരികൾക്ക് അവസരം നൽകുന്നു.
തിരുപ്പതിയിൽ താമസിക്കാനുള്ള മികച്ച സ്ഥലങ്ങൾ
ബജറ്റ് ഡോർമിറ്ററികൾ മുതൽ ഗംഭീരമായ ഹോട്ടലുകൾ വരെ തിരുപ്പതിയിൽ ലഭ്യമാണ്. TTD (തിരുമല തിരുപ്പതി ദേവസ്ഥാനം) ക്വാർട്ടേഴ്‌സ് മുതൽ സ്വതന്ത്ര ബംഗ്ലാവുകൾ വരെ താമസിക്കാനുള്ള വാഗ്ദാനം ചെയ്യുന്നു. മുറികൾ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടത് അനിവാര്യമാണ്. ഇവിടം ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ക്ഷേത്രങ്ങളിൽ ഒന്നാണിതെന്ന് ഓർക്കേണ്ടതുണ്ട്.
തിരുപ്പതി സന്ദർശിക്കാനുള്ള ഏറ്റവും ഉചിതമായ സമയം
സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് തിരുപ്പതി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. ഈ കാലയളവിൽ, താപനില 15 ഡിഗ്രി സെൽഷ്യസ് മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെയാണ്, ഇത് ക്ഷേത്ര സന്ദർശനത്തിനും മറ്റ് പ്രവർത്തനങ്ങൾക്കും അനുയോജ്യമാണ്. മാർച്ച് മുതൽ മെയ് വരെയുള്ള വേനൽക്കാലത്ത് സന്ദർശനം ഒഴിവാക്കുന്നതാണ് നല്ലത്.