
പ്ലാസ്റ്റിക്കിൽ നിന്ന് പാരസെറ്റമോൾ നിർമ്മിക്കാൻ കഴയുമെന്ന് തെളിയിച്ച് ശാസ്ത്രജ്ഞർ. യുകെയിലെ എഡിൻബർഗ് സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഈ അത്ഭുതകരമായ കാര്യം കണ്ടെത്തിയത്(plastic). പോളിയെത്തിലീൻ ടെറഫ്താലേറ്റ് (PET) പ്ലാസ്റ്റിക് മാലിന്യങ്ങളെ ഇ-കോളി ബാക്ടീരിയ ഉപയോഗിച്ച് പാരസെറ്റമോളാക്കി മാറ്റുന്നതാണ് പ്രക്രിയ. പോളിയെത്തിലീൻ ടെറഫ്താലേറ്റ് (പി.ഇ.ടി) പ്ലാസ്റ്റിക്കിലെ തന്മാത്രകളെ അസറ്റാമിനോഫെൻ (പാരസെറ്റമോൾ) ആക്കി മാറ്റാൻ എഷെറിച്ചിയ കോളി ബാക്ടീരിയയാണ് ഉപയോഗിക്കുന്നതെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.
മയക്കുമരുന്ന് നിർമ്മാണത്തിൽ ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നതിനും പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിനും പുതിയ കണ്ടുപിടുത്തം പരിഹാരമാകുമെന്നാണ് വിലയിരുത്തൽ. ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ചാണ് പാരസെറ്റമോൾ നിർമ്മിക്കുന്നത്. ഇതിന് പകരം പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങൾ ഉപയോഗിക്കുന്നത് ഫോസിൽ ഇന്ധനങ്ങളുടെ ആവശ്യകത കുറയ്ക്കും. പ്രക്രിയ നടത്തിയാൽ 24 മണിക്കൂറിനുള്ളിൽ ഫലങ്ങൾ ലഭിക്കും, ഇതിന് ഒരു ചെറിയ ലബോറട്ടറി മതിയാകും, മുറിയിലെ താപനിലയിൽ പ്രക്രിയ നടത്താൻ കഴിയും, അമിതമായ ചൂടാക്കലിന്റെയോ തണുപ്പിന്റെയോ ആവശ്യകത ഇല്ല തുടങ്ങിയവ ഈ കണ്ടെത്തൽ വിപുലമാകുന്നതിന്റെ സാധ്യത വർധിപ്പിക്കുന്നു.