
വാഷിംഗ്ടൺ: സുനിതയുടെ മടക്കം ഈ വർഷം ഉണ്ടാകില്ല. സുനിത വില്യംസിൻ്റെയും, ബുച്ച് വിൽമോറിൻ്റെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള മടക്കം അടുത്ത വർഷമായിരിക്കും നടക്കുക.
നാസയുടെ തീരുമാനം ബോയിംഗ് സ്റ്റാർലൈനർ പേടകത്തെ യാത്രക്കാരില്ലാതെ തിരിച്ചുകൊണ്ടു വരാനാണ്. സുനിതയെയും ബുച്ചിനെയും സ്പേസ് എക്സിൻ്റെ ക്രൂ 9 ദൗത്യ സംഘങ്ങൾക്കൊപ്പം ഡ്രാഗൺ പേടകത്തിൽ തിരിച്ചു കൊണ്ടുവരാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഈ മടക്കയാത്ര 2025 ഫെബ്രുവരിയിലായിരിക്കും. സ്റ്റാർലൈനറിലെ മടക്കം ഒഴിവാക്കുന്നത് സുരക്ഷ മുൻനിർത്തിയാണെന്നാണ് നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ അറിയിച്ചത്. ബോയിംഗിൻ്റെ സ്റ്റാർലൈനർ പേടകത്തിൽ സുനിതയും ബുച്ചും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത് ഈ വർഷം ജൂൺ ആറിനാണ്.