
ഗൂഗിൾ ക്രോമിൽ സൈബർ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര സർക്കാരിൻ്റെ ജാഗ്രതാ നിർദേശം(google chrome security alert update). മൊബൈലിലോ ലാപ്ടോപ്പിലോ ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർ സൂക്ഷിക്കണമെന്നാണ് കേന്ദ്രത്തിന് കീഴിലുള്ള കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം അഥവാ സെർട്ട് ഇൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ക്രോമിലെ പഴുതുകൾ മുതലെടുത്ത് സൈബർ ക്രിമിനലുകൾ വ്യക്തിഗത വിവരങ്ങൾ ചോർത്താൻ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. ദുഷ്ടലക്ഷ്യത്തോടെ വൈറസ് കടത്തിവിട്ട് ആപ്പുകൾ തകരാറിലാക്കുകയും ആ പഴുതിലൂടെ കംപ്യൂട്ടറിലും ഫോണിലുമൊക്കെ കടന്നുകയറുകയുമാണ് സൈബർ ക്രിമിനലുകളുടെ ലക്ഷ്യം.
വിൻഡോസ്, മാക്, ലിനക്‌സ് എന്നീ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ ഉപയോഗിക്കുന്നവർക്കാണ് അപകടസാധ്യത കൂടുതൽ ഉണ്ടാകുക എന്ന് സെർട്ട് ഇൻ വ്യക്തമാക്കിയിട്ടുണ്ട്. ആഗോളതലത്തിൽ ഏതാണ്ട് 70 ശതമാനം പേരും ആശ്രയിക്കുന്ന ബ്രൗസറാണ് ഗൂഗിൾ ക്രോം. അതുകൊണ്ടു തന്നെ കോടിക്കണക്കിന് ആളുകൾക്കു സുരക്ഷാ വീഴ്ച ബാധിച്ചേക്കാം.
സുരക്ഷാ വീഴ്ച പരിഹരിച്ചുകൊണ്ടുള്ള അപ്‌ഡേറ്റും ഗൂഗിൾ പുറത്തിറക്കിയിട്ടുണ്ട്. അപകടസാധ്യത തടയാൻ ഗൂഗിൾ ക്രോമിൻ്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാനാണ് ഗൂഗിൾ നിർദേശിക്കുന്നത്. ഐഒഎസ് ഉപയോക്താക്കൾ ആപ്പിൾ സ്റ്റോറിൽ ചെന്ന് പുതിയ അപ്ഡേറ്റ് ഉണ്ടെങ്കിൽ അത് അപ്ഡേറ്റ് ചെയ്യണം. ആൻഡ്രോയ്ഡ് ഉപയോക്താക്കളും ആപ് സ്റ്റോറിൽ ചെന്ന് അപ്ഡേറ്റ് ചെയ്യണം. ലാപ്പിലോ കംപ്യൂട്ടറിലോ ക്രോം ഉപയോഗിക്കുന്നവർക്ക് സെറ്റിംഗ്സിൽ ചെന്ന് എബൗട്ട് ക്രോമിൽ പോയി അപ്ഡേറ്റ് ചെയ്യാം.