
ആഗോള ശീതളപാനീയ കമ്പനികൾക്ക് മേൽക്കോയ്മയുള്ള ഇന്ത്യൻ വിപണയിൽ മല്ലിട്ട് നിൽക്കുക എന്നത് ഏറെ പ്രയാസമാണ്. കൊക്കകോളയും പെപ്സിയുംതംപ്സ് അപ്പിനും ജനപ്രീതി ഏറെയുള്ള ഇന്ത്യൻ വിപണിയിൽ അടുക്കളയിലെ രുചിക്കൂട്ടുകൾ കൊണ്ട് മാത്രം വിപണി കിഴടക്കിയ ഒരു ശീതളപാനീയമാണ് ലഹോരി സീറ (Lahori Zeera). പത്തുരൂപ മാത്രം വിലയുള്ള ലഹോരി സീറയുടെ ഇന്നത്തെ ആസ്തി കോടികളാണ്. വെറും എട്ടു വർഷം കൊണ്ടാണ് ലഹോരി സീറ ശീതളപാനീയ ഭീമന്മാരോടൊപ്പം എത്തിയത്. ഒറഞ്ച്, കൊള, ലൈം എന്നീ രുചികൾക്ക് മേൽക്കോയ്മയുള്ള വിപണിയിൽ ജീരകത്തിന്റെ രുചിയിലാണ് ലഹോരി സീറ ജനങ്ങളുടെ രുചിമുകുളങ്ങൾ കിഴടക്കിയത്. 2017 ൽ വെറും ഒരു കോടി രൂപ മൂലധനത്തിൽ ആരംഭിച്ച ലഹോരി സീറയ്ക്ക് ഇന്ന് 300 കോടിയാണ് വിപണി വിഹിതം.
പഞ്ചാബിൽ നിന്നുള്ള സൗരഭ് മുഞ്ജൽ, സൗരഭ് ഭൂട്‌ന, നിഖിൽ ദോഡ എന്നീ മൂന്ന് സഹോദരന്മാരാണ് ലഹോരി സീറക്ക് പിന്നിൽ. 2016-ൽ, കുട്ടിക്കാലത്ത് ഏറെ ആസ്വദിച്ച് രസിച്ച ജീരക സോഡയുടെ ഓർമ്മയിൽ നിഖിൽ ദോഡ സ്വന്തം അടുക്കളയിൽ തന്നെ പരീക്ഷണം നടത്താനായി ഒരുങ്ങുന്നു. ജീരകവും, ഉപ്പും, നാരങ്ങയും ചേർത്ത പാനീയം തയ്യാർ. കുടിച്ച് നോക്കിയപ്പോഴോ കുട്ടികാലത്തെ അതെ രുചിയും. നിഖിലിന്റെ പരീക്ഷണം കുടിച്ചു നോക്കിയ ബന്ധുക്കളായ സൗരഭ് മുഞ്ജലിനും സൗരഭ് ഭൂട്‌നയ്ക്കും കുട്ടികാലത്തെ ഇഷ്ട്ട പാനീയമായ ജീരസോഡയുടെ ഓർമ്മകൾ തന്നെയാണ് ഓടിയെത്തിയത്.
ആദ്യമായി വീട്ടിനുള്ളിലുണ്ടായ ഈ സാധാരണരുചിയാണ് എന്ത് കൊണ്ട് സ്വന്തം നിലക്ക് ഒരു ബിസിനസ്സ് തുടങ്ങിക്കൂടാ എന്ന ചിന്തയിലേക്ക് മൂവരെയും കൊണ്ടെത്തിച്ചത്. വീട്ടിലെ രുചിക്കൂട്ടിൽ തീർത്ത പാനീയം കുപ്പിയിലാക്കി വിറ്റാൽ എങ്ങനെ ഉണ്ടാകും? നല്ലൊരു ബിസിനസ്സ് ആശയം തന്നെയാണ് ഇത് എന്ന് മനസ്സിലാക്കിയ മൂവർസംഘം ബിസിനസ്സിനായി ഒരുക്കങ്ങൾ തുടങ്ങി.
പഞ്ചാബിന്റെ തനത് രുചിയെ കുപ്പിയിലാക്കുക എന്നതിയുന്നു സംഘത്തിന്റെ ലക്ഷ്യം. ജീരകവും സോഡയും ചേർന്നൊരു സാധാരണ രുചിക്കൂട്ടിൽ തീർത്ത പാനീയം. പാനീയ വ്യവസായത്തിൽ യാതൊരു പശ്ചാത്തലവുമില്ലെങ്കിലും, ജിജ്ഞാസയും നിശ്ചയദാര്ഢ്യം കൊണ്ട് മാത്രം അവർ പഞ്ചാബിലെ ഫത്തേഗഡിൽ ആർച്ചിയൻ ഫുഡ് കമ്പനിക്ക് തുടക്കം കുറിക്കുന്നു. തുടർന്ന് മൂവരും ചണ്ഡീഗഢിൽ ഒരു ചെറിയ ഉൽപ്പാദന യൂണിറ്റ് സ്ഥാപിക്കുകയും ആദ്യ ബാച്ചുകൾ പരീക്ഷിക്കുകയും കുപ്പികളിലാക്കുകയും ചെയ്യുന്നു. ജീരകസോഡയ്ക്ക് ലാഹോറി സീറ എന്ന പേരും നൽകുന്നു. 2017 ആയപ്പോഴേക്കും വിപണി തൊടാൻ ലാഹോറി സീറ ഒരുങ്ങിക്കഴിഞ്ഞു.
സിനിമാ താരങ്ങളോ ഫാൻസി ടിവി പരസ്യങ്ങളോ വലിയ സോഷ്യൽ മീഡിയ പ്രമോഷനുകളോ ഇല്ലാതെയാണ് ലാഹോറി സീറ ഇന്ത്യൻ വിപണിയിൽ എത്തുന്നത്. എന്നാൽ പ്രധാന നഗരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, ലാഹോരി അതിന്റെ പ്രാരംഭ യാത്രക്ക് തുടക്കം കുറിച്ചത് ഗ്രാമങ്ങളിൽ നിന്നായിരുന്നു. അർദ്ധനഗര പ്രദേശങ്ങൾ, ഗ്രാമീണ മേഖലകൾ എന്നിവയ്ക്ക് ലാഹോറി മുൻഗണന നൽകി. 160 മില്ലി കുപ്പിക്ക് വെറും ₹10 എന്ന നിരക്കിലായിരുന്നു വിൽപന.
2021 ൽ 80 കോടി രൂപയാണ് ലാഹോറി സ്വന്തമാക്കിയത്. 2022 സാമ്പത്തിക വർഷത്തിൽ കോവിഡ് മൂലം വിപണിയിൽ ഇടിവ് ഉണ്ടായതോടെ 80 ൽ നിന്നും 38 കോടി എന്ന നിലയിൽ താണിരുന്നു. എന്നാൽ, 2023 സാമ്പത്തിക വർഷത്തിൽ 215 കോടിയും 2024 സാമ്പത്തിക വർഷത്തിൽ 316 കോടിയുമായി വരുമാനം വർധിച്ചിരുന്നു. 2025 ൽ 535 കോടി രൂപയാണ് ലാഹോറി പ്രതീക്ഷിക്കുന്ന വരുമാനം. നിലവിൽ 500 കോടി രൂപ വരുമാന പരിധി കടന്നതായി കണക്കാക്കപ്പെടുന്നു.
2017-ൽ പ്രതിദിനം 96,000 കുപ്പികൾ വിൽക്കുന്ന കമ്പനി, 2025 ആയപ്പോഴേക്കും പ്രതിദിനം 5 ദശലക്ഷം കുപ്പികൾ എന്ന നിലയിൽ ഉയരുന്നു. ഇന്ന് ഇന്ത്യയിലെ ഇരുപത് സംസ്ഥാനങ്ങളിൽ ലാഹോറി സീറ ലഭ്യമാണ്. അടുക്കളയിലെ രുചി പരീക്ഷണമാണ് ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച ശീതളപാനീയ കമ്പിയായി ലാഹോറി സീറയെ വളർത്തിയത്.