
ഇന്ത്യയുടെ ഡിജിറ്റൽ മേഖലയുടെ ഉന്നമനത്തിനായി പുതിയ നിക്ഷേപത്തിനൊരുങ്ങി ഗൂഗിൾ. ആന്ധ്രാപ്രദേശത്തിന്റെ തുറമുഖ നഗരമായ വിശാഖപട്ടണത്ത് ഗൂഗിള്‍ (Google) ഏകദേശം 600 കോടി രൂപയുടെ (6 ബില്യൻ ഡോളർ) നിക്ഷേപത്തിന് ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.
ഡാറ്റ സെന്ററുകൾ, എഐ അടിസ്ഥാന സംവിധാനങ്ങൾ, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ, ഡിജിറ്റൽ സ്കില്ലിങ് പരിപാടികൾ എന്നിവയ്ക്കായാണ് ഈ വൻതോതിലുള്ള നിക്ഷേപം. മാതൃ കമ്പനിയായ ആൽഫബെറ്റ് വഴി നടത്തുന്ന ഈ നിക്ഷേപം, ഏഷ്യയിലുടനീളവും ആഗോളതലത്തിലും തങ്ങളുടെ ഡാറ്റാ ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നതിനുള്ള ഗൂഗിളിന്റെ ചുവടുവയ്പ്പ് കൂടിയാണ്.
1 ജിഗാവാട്ട് ഡാറ്റാ സെന്ററും (1-GW data) അതിന്റെ പവർ ഇൻഫ്രാസ്ട്രക്ചറും വികസിപ്പിക്കുവാൻ വേണ്ടിയാണ് ഗൂഗിൾ 6 ബില്യൺ ഡോളർ നിക്ഷേപിക്കാൻ ഒരുങ്ങുന്നത്. ബാംഗളൂർ, ഹൈദരാബാദ് തുടങ്ങിയ വലിയ ഐ.ടി. കേന്ദ്രങ്ങൾക്ക് പുറത്ത്, വിശാഖപട്ടണത്തെ പോലെ വിപുലമായ സാധ്യതകൾ ഏറെയുള്ള നഗരങ്ങൾ ശ്രദ്ധിക്കപ്പെടുന്ന ഘട്ടത്തിൽ, ഗൂഗിളിന്റെ ഈ ഒരുക്കത്തിന് ഏറെ പ്രാധാന്യമുണ്ട്. ഗൂഗിളിന്റെ ഈ പുതിയ നിക്ഷേപ പദ്ധതി ആന്ധ്രാപ്രദേശിനെയും രാജ്യത്തെ മറ്റു ടിയർ-2 നഗരങ്ങളെയും ആഗോള ടെക് ഭൂപടത്തിൽ നിറസാന്നിദ്ധ്യമായി മാറ്റാൻ സഹായിക്കുന്നതാണ്.
മേഖലയിലെ ഗൂഗിളിന്റെ വളരുന്ന ഡിജിറ്റൽ പ്രവർത്തനങ്ങൾക്ക് നട്ടെല്ലായി 1-ജിഗാവാട്ട് (ജിഡബ്ല്യു) ഡാറ്റാ സെന്റർ മാറും എന്നാണ് കണക്കുകൂട്ടലുകൾ. മൊത്തം നിക്ഷേപത്തിന്റെ ഇരുനൂറ് കോടി രൂപ (2 ബില്യൺ ഡോളർ) പുനരുപയോഗ ഊർജ്ജ സ്രോതസ്സുകൾ ഉപയോഗപ്പെടുത്തി ഡാറ്റാ സെന്ററിന്റെ പ്രവർത്തനത്തിന് ഉപയോഗപ്പെടുത്തും. ശേഷിയുടെയും നിക്ഷേപത്തിന്റെയും കാര്യത്തിൽ വിശാഖപട്ടണത്തെ ഗൂഗിളിന്റെ ഡാറ്റാ സെന്റർ ഏഷ്യയിലെ ഏറ്റവും വലുതായിരിക്കും. സിംഗപ്പൂർ, മലേഷ്യ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ കൂടുതൽ ഡാറ്റാ സെന്ററുകൾ നിർമ്മിക്കുന്ന ഗൂഗിളിന്റെ വലിയ വിപുലീകരണ പദ്ധതിയുടെ ഭാഗമാണിത്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഗോള താരിഫ് വർധനവിന്റെ ഫലമായുണ്ടായ സാമ്പത്തിക അനിശ്ചിതത്വങ്ങൾക്ക് ഇടയിലും ഡാറ്റാ സെന്ററിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന് ഈ വർഷം ഏകദേശം 75 ബില്യൺ ഡോളർ ചെലവഴിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ആൽഫബെറ്റ് ഏപ്രിലിൽ വ്യക്തമാക്കിയിരുന്നു.നിലവിൽ ഗൂഗിളോ ആന്ധ്രാപ്രദേശ് സർക്കാരോ ഔദ്യോഗികമായി ഈ ഗൂഗിളിന്റെ നിക്ഷേപ വാർത്ത സ്ഥിതികരിച്ചിട്ടില്ല.