ഐപിഎൽ 18 ആം സീസണിലെ ആദ്യ ഫൈനലിസ്റ്റുകളായി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഇതു മൂന്നാം തവണയാണ് ആർസിബി ഐപിഎൽ ഫൈനലിലേക്ക് പ്രവേശിക്കുന്നത്. ഇത്തവണ ആർസിബി കപ്പടിക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
മത്സരം വിജയിച്ചതിനുശേഷം ഗാലറിയിൽ ഇരുന്ന ഭാര്യ അനുഷ്കയോട് ഒറ്റ മത്സരം കൂടെ എന്ന് ആംഗ്യം കാണിക്കുന്ന വിരാട് കോഹ്‌ലിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. നിനക്കുതന്ന വാക്കു പാലിക്കാൻ ഒരൊറ്റ മത്സരത്തിന്റെ ദൂരം മാത്രമെന്ന് കാണിക്കുമ്പോൾ അനുഷ്ക ചിരിച്ചുകൊണ്ട് കൈയ്യടിക്കുന്നതും വീഡിയോയിൽ കാണം.
18 വർഷമായി ഒരു ഐപിഎൽ കിരീടം പോലും നേടാത്ത കോഹ്‌ലിക്ക് ഇത്തവണ ജേതാവാകാനുള്ള സുവർണാവസരമാണ് ലഭിച്ചിരിക്കുന്നത്. 2008 ലെ പ്രഥമ ലീഗ് പതിപ്പ് മുതൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബെംഗളൂരുവിൽ ഉണ്ട്. 2009, 2011, 2016 വർഷങ്ങളിൽ ബെംഗളൂരു ഫൈനലിൽ എത്തിയെങ്കിലും മൂന്ന് തവണയും വിജയിക്കാനായില്ല.
കഴിഞ്ഞ മത്സരത്തിൽ ആദ്യ ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് കിങ്‌സിന് കൂട്ട തകർച്ച നേരിട്ടതോടെ ആർസിബി വിജയം ഉറപ്പിച്ചിരുന്നു. 14 ഓവറുകൾ പൂർത്തിയാകുന്നതിന് മുൻപേ 114 റൺസിന് ഓൾ ഔട്ട് ആയിരുന്നു. അതേസമയം മികച്ച പ്രകടനമാണ് തുടക്കം മുതൽ ബെംഗളൂരു ബോളർമാർ കാഴ്ച വെച്ചത്. മൂന്നു വിക്കറ്റുകൾ വീതം ജോഷ് ഹേസൽവുഡും സുയാഷ് ശർമ്മയും നേടിയപ്പോൾ ബാക്കി വന്ന വിക്കറ്റുകൾ വീഴ്ത്താൻ ഭുവനേശ്വർ കുമാറിനും യാഷ് ദയാലിനും റൊമാരിയോ ഷെപ്പേർഡിനും സാധിച്ചു. യാഷ് ദയാൽ 2 വിക്കറ്റുകളും ഭുവനേശ്വറും റൊമാരിയോയും ചേർന്ന് ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി.