
'നാലു ദിവസത്തിലൊരിക്കൽ താടി കറുപ്പിക്കേണ്ടി വരുമ്പോൾ നമുക്കറിയാം സമയമായി എന്ന്’ - ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിക്കാനുള്ള കാരണത്തെക്കുറിച്ചു ഇന്ത്യൻ ക്രിക്കറ്റർ വിരാട് കോലിയുടെ പ്രതികരണമായിരുന്നു ഇത്. ആ പ്രതികരണം സത്യമാണെന്ന് തെളിയിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.
താടിയും മീശയും നരച്ച വിരാട് കോലിയുടെ ഏറ്റവും പുതിയ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. ലണ്ടനിൽനിന്ന് ഒരു ആരാധകനൊപ്പമുള്ളതാണ് ഈ വൈറൽ ചിത്രം. ഇതോടെ, വിരാട് കോലി രാജ്യാന്തര ക്രിക്കറ്റിൽനിന്ന് പൂർണമായും വിരമിച്ചേക്കുമെന്ന തരത്തിലും ചർച്ചകൾ സജീവമായി. നിലവിൽ ടെസ്റ്റിൽനിന്നും ട്വന്റി-20 യിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ച കോലി, ഏകദിനത്തിൽ മാത്രമാണ് ഇനി കളിക്കുക. ഇതിനിടെയാണ് താരം ഏകദിനവും ഉപേക്ഷിച്ചേക്കുമെന്ന് തരത്തിലുള്ള പ്രചാരണം നടക്കുന്നത്.
മേയ് 12നാണ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് കോലി വിരമിച്ചത്. ഇംഗ്ലണ്ടിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കു ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപായിരുന്നു താരത്തിന്റെ വിരമിക്കൽ.