
ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന്റെ അവസാന ദിവസം നിർണായക ക്യാച്ച് പാഴാക്കി ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാള്‍. സെഞ്ചറി നേടിയ ബെൻ ഡക്കറ്റിനെ പുറത്താക്കാനുള്ള അവസരമാണ് യശസ്വി പാഴാക്കിയത്. മത്സരത്തിന്റെ 39–ാം ഓവറിലായിരുന്നു സംഭവം. മുഹമ്മദ് സിറാജിന്റെ പന്തിൽ ഡക്കറ്റ് ഉയർത്തിയടിച്ചപ്പോൾ ഡീപ് ബാക്ക് വേഡ് സ്ക്വയർ ലെഗില്‍നിന്ന് ഓടിയെത്തിയ ജയ്സ്വാൾ പിടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഡൈവ് ചെയ്തു നോക്കിയെങ്കിലും ക്യാച്ചെടുക്കാൻ ജയ്സ്വാളിന് സാധിച്ചില്ല. ഇതോടെ വിക്കറ്റ് പോയ നിരാശയിൽ മുഹമ്മദ് സിറാജ് രോഷം മുഴുവന്‍ ജയ്സ്വാളിനോടാണു തീർത്തത്.
ജയ്സ്വാളിനെ നോക്കിയുള്ള സിറാജിന്റെ രോഷപ്രകടനം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഡ്രസിങ് റൂമിലുണ്ടായിരുന്ന ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറും ജയ്സ്വാളിന്റെ പിഴവിൽ അസ്വസ്ഥനായി. ലീഡ്സ് ടെസ്റ്റിൽ ജയ്സ്വാൾ പാഴാക്കുന്ന നാലാമത്തെ ക്യാച്ചാണിത്.
മത്സരത്തിൽ 170 പന്തുകൾ നേരിട്ട ബെൻ ഡക്കറ്റ് 149 റൺസെടുത്താണു പുറത്തായത്. ഒരു സിക്സും 21 ഫോറുകളും ഡക്കറ്റ് നേടിയിരുന്നു. ഷാർദൂൽ ഠാക്കൂറിന്റെ 55–ാം ഓവറിൽ നിതീഷ് കുമാർ റെഡ്ഡി ക്യാച്ചെടുത്താണ് ഡക്കറ്റ് ഒടുവിൽ പുറത്തായത്.