
ന്യൂഡൽഹി: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച ഓപ്പണർ യശസ്വി ജയ്‌സ്വാൾ റെക്കോർഡ് നേട്ടങ്ങൾ സ്വന്തമാക്കി. ജയ്‌സ്വാളിന്റെ സെഞ്ചുറി മികവിൽ ആദ്യദിനം കളിയവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 318 റൺസ് എന്ന ശക്തമായ നിലയിലാണ് ഇന്ത്യ. 173 റൺസുമായി ജയ്‌സ്വാൾ ക്രീസിലുണ്ട്.
സച്ചിൻ ടെണ്ടുൽക്കറിനൊപ്പം ജയ്‌സ്വാൾ
വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ സെഞ്ചുറി ജയ്‌സ്വാളിന്റെ കരിയറിലെ ഏഴാം ടെസ്റ്റ് സെഞ്ചുറിയാണ്. ഈ പ്രകടനത്തോടെ യുവതാരം ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറിനൊപ്പം ഒരു അപൂർവ നേട്ടം പങ്കുവെച്ചു:24 വയസ്സ് തികയും മുൻപ് ഏഴ് ടെസ്റ്റ് സെഞ്ചുറികൾ നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരമായി ജയ്‌സ്വാൾ മാറി.സച്ചിൻ ടെണ്ടുൽക്കർ 24 വയസ്സ് തികയും മുൻപ് 11 സെഞ്ചുറികൾ നേടിയിരുന്നു.
മാത്രമല്ല, 23 വയസ്സിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ചുറി നേടുന്ന ഓപ്പണർമാരുടെ പട്ടികയിൽ മുൻ ദക്ഷിണാഫ്രിക്കൻ താരം ഗ്രയിം സ്മിത്തിനൊപ്പവും ജയ്‌സ്വാളെത്തി. ജയ്‌സ്വാൾ നേടിയ ഏഴ് ടെസ്റ്റ് സെഞ്ചുറികളും ഏഴ് വ്യത്യസ്ത വേദികളിലാണെന്ന പ്രത്യേകതയുമുണ്ട്.
ആദ്യ ദിനത്തിലെ പ്രകടനം
ആദ്യ ദിനം കളിയവസാനിക്കുമ്പോൾ 173 റൺസുമായി ജയ്‌സ്വാളിനൊപ്പം നായകൻ ശുഭ്മാൻ ഗില്ലും ക്രീസിലുണ്ട്. ഓപ്പണിങ് വിക്കറ്റിൽ കെ.എൽ. രാഹുൽ 54 പന്തിൽ നിന്ന് ഒരു സിക്‌സും അഞ്ച് ഫോറുമടക്കം 38 റൺസെടുത്തു. മറ്റൊരു യുവതാരം സായ് സുദർശൻ അർധ സെഞ്ചുറി നേടി 87 റൺസെടുത്ത് പുറത്തായി. ഇന്ത്യൻ ഇന്നിങ്‌സിന് കരുത്തായത് ജയ്‌സ്വാളും സായ് സുദർശനും ചേർന്നുള്ള മികച്ച കൂട്ടുകെട്ടാണ്.