റയല്‍ മാഡ്രിഡിന് ഇനി പുതിയ പരിശീലകൻ. ബുണ്ടസ് ലീഗയില്‍ ലെവര്‍കൂസന്റെ പരിശീലകനായ സാബി അലോണ്‍സോയാണ് മാഡ്രിഡിന്റെ പുതിയ പരിശീലകനായി എത്തുന്നത്. ജൂണ്‍ ഒന്നുമുതല്‍ അദ്ദേഹം ക്ലബ്ബിന്റെ പരിശീലക ചുമതലയേല്‍ക്കും. 2028 ജൂണ്‍ 30 വരെ മൂന്നുവര്‍ഷത്തെ കരാറാണ് അലോണ്‍സോയ്ക്ക് റയലുമായുള്ളത്. ബ്രസീല്‍ ദേശീയ ടീമിന്റെ പരിശീലകനാകുന്ന കാര്‍ലോ ആഞ്ചലോട്ടിക്ക് പകരക്കാരനായാണ് സാബിയെത്തുന്നത്.
ജൂണ്‍ 18-ന് മിയാമിയില്‍ അല്‍ ഹിലാലിനെതിരെ നടക്കുന്ന മത്സരത്തിലായിരിക്കും ക്ലബ്ബിലെ സാബിയുടെ പരിശീലക അരങ്ങേറ്റം. 2009 മുതല്‍ 2014 വരെ റയലില്‍ 236 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. യൂറോപ്യന്‍ കപ്പ്, യൂറോപ്യന്‍ സൂപ്പര്‍ കപ്പ്, ലാലിഗ, കോപ്പ ഡെല്‍റേ, സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടങ്ങള്‍ നേടിയിട്ടുണ്ട്. സ്പെയിനിനുവേണ്ടി 2010 ഫിഫ ലോകകപ്പിലും 2008, 2012 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളിലും കളിച്ചിട്ടുണ്ട്. ദേശീയ ജഴ്സിയില്‍ 113 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.