ദോഹ: ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ മൂന്നാം ഘട്ടത്തിലെ അവസാന മത്സരത്തിൽ ഖത്തർ ഇന്ന് ഉസ്‌ബെകിസ്താനെ നേരിടും. ഉസ്‌ബെകിസ്താനിലെ താഷ്‌കന്റിലാണ് മത്സരം. ഗ്രൂപ്പ് ചാമ്പ്യന്മാരായ ഇറാനെ വീഴ്ത്തിയതിന്റെ ആവേശത്തിലാണ് ഖത്തർ ഉസ്‌ബെകിസ്താനെ നേരിടുന്നത്.
മൂന്നാം റൗണ്ടിൽ നേരിട്ടുള്ള യോഗ്യതാ സാധ്യതകൾ നേരത്തെ അവസാനിച്ചിരുന്നു. വിജയത്തോടെ ഈ ഘട്ടം അവസാനിപ്പിച്ച് നാലാം റൗണ്ടിൽ ആത്മവിശ്വാസത്തോടെ പോരാടുകയാണ് ടീമിന്റെ ലക്ഷ്യം. പുതിയ കോച്ച് ലൊപെറ്റഗ്വിക്ക് കീഴിൽ ജയത്തോടെ തുടങ്ങാനായതും ടീമിന്റെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്.
മറുവശത്ത് ഉസ്ബകിസ്താൻ ഇതിനോടകം അമേരിക്കൻ ലോകകപ്പിലേക്ക് യോഗ്യത നേടി കഴിഞ്ഞു. സ്വന്തം നാട്ടിൽ നടക്കുന്ന മത്സരത്തിൽ ജയത്തോടെ യോഗ്യതാ പോരാട്ടങ്ങൾ അവസാനിപ്പിക്കുകയായിരിക്കും ഉസ്ബകിസ്താന്റെ ലക്ഷ്യം. ഖത്തർ സമയം വൈകിട്ട് 4.45 നാണ് കിക്കോഫ്.