ലോകകപ്പ് ഫുട്ബാൾ യോഗ്യത മത്സരത്തിൽ ഇന്ന് കുവൈത്ത് ഫലസ്തീനെ നേരിടും. രാത്രി 9.15ന് കുവൈത്ത് ജാബിർ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ആറു രാജ്യങ്ങൾ അടങ്ങിയ ഗ്രൂപ്പിൽ അവസാന നിലയിലുള്ള കുവൈത്തിന് അടുത്ത റൗണ്ടിലേക്ക് കടക്കാനാകുമോ എന്ന് ഇന്നറിയാം. ഗ്രൂപ് ബിയിൽ എട്ടു കളികളിൽ അഞ്ചു പോയന്റുമായി കുവൈത്ത് ആറാം സ്ഥാനത്താണ്. അതുകൊണ്ടുതന്നെ ഇന്ന് വിജയിക്കുക എന്നത് കുവൈത്തിന് നിർണായകമാണ്. സ്വന്തം ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ കുവൈത്തിന് നേരിയ മുൻതൂക്കവുമുണ്ട്. കഠിനമായ പരിശീലനം പൂർത്തിയാക്കിയാണ് കുവൈത്ത് മത്സരത്തിനൊരുങ്ങുന്നത്.
അതേസമയം, ഫലസ്തീനും ആത്മവിശ്വാസത്തിലാണ്. ദോഹയിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ കുവൈത്തിനെ സമനിലയിൽ തളച്ചതിന്റെ ആശ്വാസം ഫലസ്തീനുണ്ട്. കുവൈത്തിനെ കീഴടക്കി ഗ്രൂപ്പിൽ നാലാം സ്ഥാനത്ത് എത്തിയാൽ നാലാം റൗണ്ടിൽ പ്രവേശിക്കാമെന്ന പ്രതീക്ഷയിലാണ് ഫലസ്തീൻ. അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാനുള്ള പ്രതീക്ഷ നിലനിർത്താൻ ജയം അനിവാര്യമാണെന്നും കുവൈത്തിനെതിരെ വിജയം നേടുമെന്നും കോച്ച് ഇഹാബ് അബു ജസാർ പറഞ്ഞു.