
അടുത്തമാസം ടോക്കിയോയിൽ നടക്കുന്ന ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിന് 19 ഇന്ത്യൻ താരങ്ങൾ യോഗ്യത നേടി. കേരളത്തിന്റെ അഭിമാനമായി എം.ശ്രീശങ്കറും അബ്ദുല്ല അബൂബക്കറും. നീരജ് ചോപ്ര ഉൾപ്പെടെ 5 പേർ യോഗ്യതാ മാർക്ക് പിന്നിട്ട് ലോക ചാംപ്യൻഷിപ്പിൽ പങ്കെടുക്കുമ്പോൾ 13 ഇന്ത്യൻ താരങ്ങൾ റാങ്കിങ് അടിസ്ഥാനത്തിൽ യോഗ്യതയുറപ്പാക്കി. ഹെപ്റ്റാത്‍ലണിലെ ഏഷ്യൻ ചാംപ്യൻ നന്ദിനി അഗസാരയ്ക്ക് നേരിട്ട് യോഗ്യത ലഭിച്ചു. ലോക ചാംപ്യൻഷിപ്പിന് യോഗ്യത നേടിയവരുടെ പട്ടിക വേൾഡ് അത്‍ലറ്റിക്സ് ഇന്നലെയാണ് പ്രഖ്യാപിച്ചത്.
പരുക്കിനും ശസ്ത്രക്രിയയ്ക്കും ശേഷം ട്രാക്കിലേക്ക് അവിശ്വസനീയ തിരിച്ചുവരവ് നടത്തിയ പാലക്കാട് സ്വദേശി എം.ശ്രീശങ്കർ റാങ്കിങ്ങിൽ 36–ാം സ്ഥാനക്കാരനായാണ് ടോക്കിയോയിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. ഇരുപത്താറുകാരനായ ശ്രീശങ്കറിന്റെ നാലാം ലോക ചാംപ്യൻഷിപ്പാണിത്. ട്രിപ്പിൾ ജംപ് റാങ്കിങ്ങിൽ 28–ാം സ്ഥാനത്തോടെ യോഗ്യത നേടിയ കോഴിക്കോട് വളയം സ്വദേശി അബ്ദുല്ല അബൂബക്കർ തുടർച്ചയായ മൂന്നാം ലോക ചാംപ്യൻഷിപ്പിനുള്ള തയാറെടുപ്പിലാണ്.
നിലവിലെ ലോക ചാംപ്യനായ നീരജ് ചോപ്രയ്ക്കൊപ്പം സച്ചിൻ യാദവ്, യഷ്‍വീർ സിങ് എന്നിവരും ഉൾപ്പെട്ടതോടെ പുരുഷ ജാവലിൻത്രോയിൽ യോഗ്യത നേടിയ ഇന്ത്യക്കാരുടെ എണ്ണം മൂന്നായി. അബ്ദുല്ലയും നേരത്തേ യോഗ്യതാ മാർക്ക് പിന്നിട്ട പ്രവീൺ ചിത്രവേലും ചേരുന്നതോടെ പുരുഷ ട്രിപ്പിൾജംപിൽ ഇന്ത്യയ്ക്ക് ഇരട്ട പ്രാതിനിധ്യമുണ്ടാകും. പുരുഷ ഹൈജംപിൽ സർവേശ് കുശാരെയും വനിതാ ജാവലിൻത്രോയിൽ അന്നു റാണിയും റാങ്കിങ് ക്വോട്ടയിലൂടെ യോഗ്യതയുറപ്പിച്ചു.
സെപ്റ്റംബർ 13നാണ് ലോക ചാംപ്യൻഷിപ്പിന് തുടക്കം. യോഗ്യത നേടിയ 19 ഇന്ത്യൻ താരങ്ങളിൽ ആരൊക്കെ പങ്കെടുക്കുമെന്നതിൽ അത്‍ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ സിലക്‌ഷൻ കമ്മിറ്റി അന്തിമ തീരുമാനമെടുക്കും.