വനിതാ ലോകകപ്പ്: ഇന്ത്യക്കെതിരെ ടോസ് നേടി പാകിസ്ഥാന്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു; ഹസ്തദാനം ഇല്ല | Women's World Cup

മഴ ഭീഷണിയുള്ളതിനാലാണ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തതെന്ന് പാക് ക്യാപ്റ്റൻ
Women's World Cup
Published on

വനിതാ ഏകദിന ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് നേടി പാകിസ്ഥാന്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. മഴ ഭീഷണിയുള്ളതിനാലാണ് ടോസ് നേടിയശേഷം ഫീല്‍ഡിംഗ് തെരഞ്ഞെടുത്തതെന്ന് പാക് ക്യാപ്റ്റൻ സന ഫാത്തിമ പറഞ്ഞു.

ഏഷ്യാ കപ്പിൽ പുരുഷ ടീമുകളുടെ ഹസ്തദാന വിവാദത്തിന് പിന്നാലെ ഇന്ത്യ-പാകിസ്ഥാൻ വനിതാ താരങ്ങള്‍ ആദ്യമായി പോരാടുന്ന മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗറും പാക് ക്യാപ്റ്റന്‍ സന ഫാത്തിമയും ഹസ്തദാനത്തിന് തയാറായില്ല. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇരുടീമും ഏറ്റുമുട്ടിയ 27 മത്സരങ്ങളിൽ 24ലും ഇന്ത്യ ജയിച്ചിരുന്നു. ടി20യിലാണ് പാകിസ്ഥാൻ മൂന്നു ജയം നേടിയത്.

ശ്രീലങ്കക്കെതിരായ ആദ്യ മത്സരം ജയിച്ച ടീമില്‍ ഇന്ത്യ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. ബാറ്റിംഗ് ഓള്‍ റൗണ്ടറായ അമന്‍ജ്യോത് കൗറിന് പകരം ബൗളറായ രേണുക സിംഗ് താക്കൂര്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി.

ഇന്ത്യ പ്ലേയിംഗ് ഇലവൻ: സ്മൃതി മന്ദാന, പ്രതീക റാവൽ, ഹർലീൻ ഡിയോൾ, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), ജെമീമ റോഡ്രിഗസ്, ദീപ്തി ശർമ, റിച്ച ഘോഷ്, സ്നേഹ റാണ, ക്രാന്തി ഗൗഡ്, ശ്രീ ചരണി, രേണുക സിംഗ്.

ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് തോറ്റ ടീമില്‍ പാകിസ്ഥാനും ഒരു മാറ്റം വരുത്തിയിട്ടുണ്ട്. ഒമൈമ സൊഹൈലിന് പകരം സദഫ് ഷമാസ് പാകിസ്ഥാന്‍റെ പ്ലേയിംഗ് ഇലവനിലെത്തി.

പാകിസ്ഥാൻ പ്ലേയിംഗ് ഇലവൻ: മുനീബ അലി, സദാഫ് ഷംസ്, സിദ്ര അമിൻ, ആലിയ റിയാസ്, നതാലിയ പെർവൈസ്, ഫാത്തിമ സന ​​(ക്യാപ്റ്റൻ), റമീൻ ഷമിം, ഡയാന ബെയ്ഗ്, സിദ്ര നവാസ്ർ, നഷ്റ സന്ധു, സാദിയ ഇഖ്ബാൽ.

Related Stories

No stories found.
Times Kerala
timeskerala.com