

ഐസിസി വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോൾവാർട്ട് ഇന്ത്യയെ ബാറ്റിങ്ങിനു അയച്ചു. ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഷഫാലി വർമയും സ്മൃതി മന്ഥനയും ചേർന്നു മികച്ച തുടക്കമാണ് നൽകിയത്. 39 പന്തിൽ 50 റൺസ് തികച്ച സഖ്യം, പത്തോവർ പിന്നിടുമ്പോൾ ടീം സ്കോർ 64 റൺസിലെത്തിച്ചു. 18ാം ഓവറിൽ വിക്കറ്റ് പോകാതെ നൂറും കടന്നു.
17.4 ഓവറിൽ ടീം സ്കോർ 104 റൺസിലെത്തിയപ്പോൾ സ്മൃതി ഔട്ടായി. ക്ലോ ട്രയോണിന്‍റെ പന്തിൽ വിക്കറ്റ് കീപ്പർ സിനാലോ ജാഫ്തയ്ക്ക് ക്യാച്ച്. 58 പന്തിൽ 8 ഫോർ ഉൾപ്പെടെ 45 റൺസാണു സ്മൃതി നേടിയത്.
തൊട്ടു പിന്നാലെ ഷഫാലി വർമ നേരിട്ട 49ാം പന്തിൽ അർധ സെഞ്ചുറിയും തികച്ചു. ഏകദിന അന്താരാഷ്ട്ര ക്രിക്കറ്റിൽ 21 വയസുകാരിയുടെ അഞ്ചാം അർധ സെഞ്ചുറിയാണിത്. ടീം സ്കോർ 27.5 ഓവറിൽ 166 റൺസെത്തിയപ്പോഴാണ് ഷഫാലി പുറത്തായത്. 78 പന്തിൽ ഏഴ് ഫോറും രണ്ടു സിക്സും സഹിതം 87 റൺസെടുത്തു.
ലോകകപ്പിനുള്ള പതിനഞ്ചംഗ ടീമിൽ ഉൾപ്പെടാതിരുന്ന ഷഫാലി, ഓപ്പണർ പ്രതീക റാവൽ പരുക്കേറ്റ് പുറത്തായതോടെയാണ് ടീമിലെത്തിയത്. സെമി ഫൈനലിൽ നേരിട്ട് പ്ലെയിങ് ഇലവനിൽ ഇടം പിടിക്കുകയും ചെയ്തിരുന്നെങ്കിലും അന്നു 10 റൺസ് മാത്രമാണു നേടിയിരുന്നത്.
സെമി ഫൈനലിൽ ഓസ്ട്രേലിയയെ ഐതിഹാസികമായ റൺ ചേസിൽ തോൽപ്പിച്ച പ്ലെയിങ് ഇലവനിൽ മാറ്റമില്ലാതെയാണ് ഇന്ത്യ ഫൈനൽ കളിക്കുന്നത്. മൂന്ന് മണിക്ക് ആരംഭിക്കേണ്ട മത്സരം മഴയും നനഞ്ഞ ഔട്ട്ഫീൽഡും കാരണം അഞ്ച് മണിക്കാണ് ആരംഭിച്ചത്. എന്നാൽ, ഓവറുകൾ ഇതുവരെ വെട്ടി ചുരുക്കിയിട്ടില്ല.