
വനിതാ ഏകദിന ലോകകപ്പിന് ഇനി ഒരാഴ്ച. ഈ മാസം 30 നാണ് വനിതാ ഏകദിന ലോകകപ്പ് ആരംഭിക്കുന്നത്. അതിനു മുന്നോടിയായി ഈ മാസം 26 മുതൽ സന്നാഹമത്സരങ്ങൾ ആരംഭിക്കും. ഹർമൻപ്രീത് കൗറിൻ്റെ കീഴിൽ ഇന്ത്യൻ ടീം വലിയ പ്രതീക്ഷയിലാണ്. കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യൻ ടീം കരുത്തുറ്റ ഒരു ശക്തിയായി വളർന്നതും കഴിഞ്ഞ ദിവസം ഓസ്ട്രേലിയക്കെതിരെ അവസാനിച്ച ഏകദിന പരമ്പരയിൽ നല്ല പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞതും ആരാധകരിലും പ്രതീക്ഷ വർധിപ്പിക്കുന്നുണ്ട്.
സ്മൃതി മന്ദനയാണ് ടീം ഇന്ത്യയുടെ ജീവാത്മാവും പരമാത്മാവും. ഓസീസ് പര്യടനത്തിൽ ഒരു ഫിഫ്റ്റിയും രണ്ട് സെഞ്ചുറിയും. സ്ട്രൈക്ക് റേറ്റ് 138. കഴിഞ്ഞ കുറേ നാളുകളായി സ്മൃതി തൻ്റെ ഗെയിം വേറൊരു തലത്തിലേക്ക് ഉയർത്തുകയാണ്. പോയ വർഷം ഐസിസി പ്ലയർ ഓഫ് ഫി ഇയർ ആയി സ്മൃതിയെ തിരഞ്ഞെടുത്തിരുന്നു.
സ്മൃതിക്കൊപ്പം ഓപ്പണിങ് പങ്കാളിയായ പ്രതിക റാവലും ഒരു ഗംഭീര കണ്ടെത്തലാണ്. ഷഫാലിക്ക് പകരമെത്തി വിശ്വസിക്കാവുന്ന ഓപ്പണിങ് പങ്കാളിയായി റാവൽ വളരെ വേഗം മാറി. ജമീമ റോഡ്രിഗസ്, ഹർലീൻ ഡിയോൾ, ദീപ്തി ശർമ്മ, റിച്ച ഘോഷ് തുടങ്ങി കരുത്തുറ്റ ബാറ്റിംഗ് നിരയിൽ ക്യാപ്റ്റൻ ഹർമ്മൻപ്രീത് കൗറാണ് ഫോമിൽ അല്ലാത്തത്. എങ്കിലും അതൊരു വലിയ ആശങ്കയല്ല.
ബൗളിംഗ് ആണ് കുറച്ച് പ്രശ്നം. രേണുക സിംഗ്, അരുന്ധതി റെഡ്ഡി, ക്രാന്തി ഗൗഡ്, രാധ യാദവ് തുടങ്ങി നല്ല പേരുകളുണ്ടെങ്കിലും ചില വിടവുകളുണ്ട്. അതിനെ പരിഹരിക്കുന്ന തരത്തിൽ തലയുയർത്തിനിൽക്കാൻ ബാറ്റിംഗ് നിരയ്ക്ക് കഴിയുമെങ്കിൽ ഇത്തവണ കപ്പ് ഇന്ത്യയ്ക്കായിരിക്കും.