

ബംഗ്ലദേശിൽ നടന്ന വനിതാ കബഡി ലോകകപ്പിൽ ഇന്ത്യയ്ക്കു കിരീടം. ഫൈനലിൽ ചൈനീസ് തായ്‌പേയിയെ തോൽപിച്ചാണ് ഇന്ത്യ കിരീടം നേടിയത്. സ്കോർ: 35–28. 11 രാജ്യങ്ങൾ പങ്കെടുത്ത ടൂർണമെന്റിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് ഇന്ത്യ ലോകകപ്പ് സ്വന്തമാക്കിയത്.
ഇറാനെ 33–21നു തോൽപിച്ചായിരുന്നു ഇന്ത്യയുടെ ഫൈനൽ പ്രവേശം. മറുവശത്ത് ആതിഥേയരായ ബംഗ്ലദേശിനെ തോൽപിച്ചായിരുന്നു ചൈനീസ് തായ്‌പേയ് ഫൈനലിലെത്തിയത്. ഇതിനു മുൻപ് യുഗാണ്ട, തായ്‌ലൻഡ്, ജർമനി, ബംഗ്ലദേശ് എന്നീ ടീമുകളെയും ഇന്ത്യ തോൽപ്പിച്ചിരുന്നു.
മാർച്ചിൽ നടന്ന ഏഷ്യൻ കബഡി ചാംപ്യൻഷിപ്പിൽ കിരീടം നേടിയ ഇന്ത്യൻ വനിതകളുടെ രണ്ടാമത്തെ മേജർ ട്രോഫിയാണിത്. കബഡി ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ വനിതാ ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ അനുമോദിച്ചു.