
വനിതാ ഏഷ്യാകപ്പ് ഹോക്കിയിൽ കൊറിയയേയും കീഴടക്കി ഇന്ത്യ. സൂപ്പർ ഫോർ റൗണ്ടിലെ ആദ്യ മത്സരത്തിൽ ദക്ഷിണ കൊറിയയ്ക്കെതിരെ 4–2നാണ് ഇന്ത്യയുടെ വിജയം. വൈഷ്ണവി വിറ്റൽ (2–ാം മിനിറ്റ്), സംഗീത കുമാരി (33), ലാൽരംസിയാമി (40), ഋതുജ പിസൽ (59) എന്നിവരാണ് ഇന്ത്യയ്ക്കായി ലക്ഷ്യം കണ്ടത്. യുജിൻ കിമിന്റെ (33, 53) വകയായിരുന്നു കൊറിയയുടെ 2 ഗോളുകളും. ഇന്നു നടക്കുന്ന മത്സരത്തിൽ ചൈനയാണ് ഇന്ത്യയുടെ അടുത്ത എതിരാളി.
കൊറിയൻ താരങ്ങൾ ടർഫിൽ നിലയുറപ്പിക്കും മുൻപേ വൈഷ്ണവിയിലൂടെ ഇന്ത്യ ആദ്യഗോൾ നേടി. പെനൽറ്റി കോർണറിൽനിന്നുള്ള ആദ്യ ഷോട്ട് കൊറിയൻ ഗോൾകീപ്പർ തടഞ്ഞെങ്കിലും റീബൗണ്ട് വൈഷ്ണവി വലയ്ക്കുള്ളിലാക്കി. കാത്തിരിപ്പിനുശേഷം സംഗീത കുമാരിയുടെ ഫീൽഡ് ഗോളിലൂടെ ഇന്ത്യ ലീഡുയർത്തിയെങ്കിലും തൊട്ടുപിന്നാലെ പെനൽറ്റി കോർണറിൽനിന്ന് കൊറിയ ഒരു ഗോൾ മടക്കി. 40–ാം മിനിറ്റിൽ മറ്റൊരു ഫീൽഡ് ഗോളിലൂടെ ലാൽരംസിയാമി വീണ്ടും ദക്ഷിണ കൊറിയയെ തളർത്തി. മത്സരം അവസാനിക്കുന്നതിന് തൊട്ടുമുൻപ് ഋതുജ പിസലാണ് ഇന്ത്യയ്ക്കായി നാലാം ഗോൾ ഉയർത്തിയത്.