
ഇന്ത്യൻ പേസർ യാഷ് ദയാലിനെതിരെ പീഡന പരാതിയുമായി യുവതി. യാഷ് ദയാൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് ഉത്തർപ്രദേശ് സ്വദേശിനിയായ യുവതിയുടെ പരാതി. ഗാസിയാബാദിൽനിന്നുള്ള യുവതി പരാതിയുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓൺലൈൻ പരാതി പരിഹാര പോര്‍ട്ടലിനെ സമീപിച്ചു. സംഭവം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഗാസിയാബാദ് ഇന്ദിരാപുരം പൊലീസിന് മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശം നൽകിയിട്ടുണ്ട്. ജൂലൈ 21ന് മുൻപ് റിപ്പോർട്ട് നല്‍കണമെന്നാണ് നിർദ്ദേശം.
യാഷ് ദയാലുമായി അഞ്ചു വർഷമായി അടുപ്പമുണ്ടായിരുന്നെന്നും ഇന്ത്യൻ താരം മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നുമാണു യുവതിയുടെ പരാതി. വിവിധ ആവശ്യങ്ങൾ പറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് താരം പണം തട്ടിയെടുത്തെന്നും ഒരുപാടു പെണ്‍കുട്ടികളെ ഇങ്ങനെ പറ്റിച്ചിട്ടുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു. ഇതിന്റെയെല്ലാം തെളിവായി ചാറ്റ് സ്ക്രീൻഷോട്ടുകൾ, വിഡിയോ കോൾ രേഖകൾ എന്നിവ തന്റെ കൈവശമുണ്ടെന്നും യുവതി അവകാശപ്പെടുന്നു.
യുവതിയെ കുടുംബത്തിനു പരിചയപ്പെടുത്തിയ യാഷ് ദയാൽ, ഭർത്താവിനെ പോലെയാണു പെരുമാറിയതെന്നും, അങ്ങനെ വിശ്വാസം നേടിയെടുത്തുവെന്നും പരാതിയിൽ പറയുന്നു.‘കബളിപ്പിക്കുകയാണെന്നു മനസ്സിലാക്കി പ്രതികരിച്ചപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് താരം മർദിച്ച് അവശയാക്കി. യാഷ് ദയാൽ പ്രണയം അഭിനയിച്ച് പല പെൺകുട്ടികളെയും ഇങ്ങനെ പറ്റിച്ചിട്ടുണ്ട്.’– പരാതിയിൽ യുവതി ആരോപിച്ചു. നേരത്തെ, യാഷ് ദയാൽ പീഡിപ്പിക്കുകയാണെന്ന് പറഞ്ഞു യുവതി വനിതാ ഹെൽപ് ലൈനിനെ സമീപിച്ചിട്ടുള്ളതായും വിവരമുണ്ട്.
2025 ഐപിഎലിൽ കിരീട ജേതാക്കളായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനായി 15 മത്സരങ്ങൾ കളിച്ച ദയാൽ 13 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നെങ്കിലും ദയാലിന് പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല.