
ടെസ്റ്റ് ടീമിന്റെ നായകൻ ശുഭ്മൻ ഗിൽ വൈസ് ക്യാപ്റ്റൻ സ്ഥാനവുമായി ടീമിൽ തിരിച്ചെത്തിയതോടെ, മലയാളി താരം സഞ്ജു സാംസണിന് ടീമിൽ ഇടമുണ്ടാകില്ലെന്ന് ഉറപ്പായതായി മുൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. വ്യക്തികളേക്കാൾ ബാറ്റിങ് പൊസിഷനുകൾക്ക് പ്രാധാന്യം നൽകിയാണ് ഇത്തവണ സിലക്ഷൻ കമ്മിറ്റി ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നതെന്നും ചോപ്ര അഭിപ്രായപ്പെട്ടു. ഗിൽ ഓപ്പണറാകുന്നതോടെ, മധ്യനിരയിൽ കൂടുതൽ പരിചയസമ്പന്നനായ ജിതേഷ് ശർമയ്‌ക്ക് വിക്കറ്റ് കീപ്പറായി നറുക്കു വീഴുമെന്നാണ് ചോപ്രയുടെ അഭിപ്രായം.
‘‘എല്ലാ ഫോർമാറ്റിനുമായി ഒറ്റ ക്യാപ്റ്റനെന്ന ലക്ഷ്യത്തോടെയാണ് സിലക്ടർമാർ മുന്നോട്ടു പോകുന്നതെന്ന് വ്യക്തമായിരിക്കുന്നു. ശുഭ്മൻ ഗില്ലിന്റെ തിരിച്ചുവരവോടെ, സഞ്ജുവിന്റെ കാര്യത്തിൽ ഏറെക്കുറേ തീരുമാനമായി. ഇനി അദ്ദേഹം പ്ലേയിങ് ഇലവനിൽ ഇടംപിടിക്കില്ലെന്ന് ഉറപ്പ്. എന്തായാലും തിലക് വർമയെയോ ഹാർദിക് പാണ്ഡ്യയെയോ ടീം പുറത്തിരുത്താൻ തയാറാകില്ല. ഫലത്തിൽ ജിതേഷ് ശർമ ടീമിലെത്തും, സഞ്ജു പുറത്താകും." – ചോപ്ര പറഞ്ഞു.
‘‘ഇത്തവണത്തെ ടീം തിരഞ്ഞെടുപ്പിൽനിന്ന് ഒരു കാര്യം സുവ്യക്തമാണ്. വ്യക്തികളേക്കാൾ ബാറ്റിങ് പൊസിഷനുകൾക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. ശുഭ്മൻ ഗിൽ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരിച്ചെത്തിയതോടെ, അദ്ദേഹം കളിക്കുമെന്നും ഇന്നിങ്സ് ഓപ്പൺ ചെയ്യുമെന്നും ഉറപ്പായി. ഇതോടെ സഞ്ജു പ്ലേയിങ് ഇലവനു പുറത്തുമായി." - ചോപ്ര പറഞ്ഞു.
ശുഭ്മൻ ഗില്ലിന്റെ തിരിച്ചുവരവ് സഞ്ജു സാംസണിന്റെ രാജ്യാന്തര കരിയറിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന സൂചനയാണ് മുൻ താരങ്ങൾ ഉൾപ്പെടെ നൽകുന്നത്. ശുഭ്മൻ ഗില്ലും യശസ്വി ജയ്‌സ്വാളും ഇല്ലാതിരുന്നതുകൊണ്ടാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയതെന്ന് അജിത് അഗാർക്കറും സൂചന നൽകിയിരുന്നു. മാത്രമല്ല, ടീം പ്രഖ്യാപന വേളയിൽ സഞ്ജുവിന്റെ പേര് അവസാനമാണ് അഗാർക്കർ വായിച്ചതെന്നും ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. ശുഭ്മൻ ഗിൽ, ജിതേഷ് ശർമ തുടങ്ങിയവരുടെ പേരുകളെല്ലാം വായിച്ച ശേഷമാണ് അഗാർക്കർ സഞ്ജുവിന്റെ പേരിലേക്ക് എത്തിയത്. സഞ്ജുവിനു പുറമേ പ്ലേയിങ് ഇലവനിൽ ഇടം ഉറപ്പില്ലാത്ത റിങ്കു സിങ്ങിന്റെ പേരും ഒടുവിലാണ് വായിച്ചത്.