
ലണ്ടൻ: ഇന്ത്യയ്ക്ക് ജയിക്കാൻ 135 റൺസ് വേണം. ഇനിയുള്ളത് 6 വിക്കറ്റുകൾ മാത്രം. പ്രതീക്ഷയോടൊപ്പം മനസ്സിൽ ആശങ്കകളുമായാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഇന്നു ലോഡ്സ് ഗ്രൗണ്ടിലേക്ക് നോക്കുന്നത്. രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ 192 റൺസിൽ ഓൾ ഔട്ടാക്കിയ ഇന്ത്യ, 193 റൺസ് വിജയലക്ഷ്യം തേടി നാലാംദിനം അവസാന സെഷനിൽ ബാറ്റിങ്ങിനിറങ്ങിയിരുന്നു. എന്നാൽ 58 റൺസിനിടെ 4 വിക്കറ്റുകൾ വീഴ്ത്തിയ ഇംഗ്ലിഷ് പേസർമാർ അനായാസ വിജയമെന്ന ഇന്ത്യൻ മോഹങ്ങൾക്കു മങ്ങലേൽപിച്ചു.
അവസാനദിനം ഇന്ത്യയുടെ പ്രതീക്ഷ മുഴുവൻ 33 റൺസുമായി ബാറ്റിങ് തുടരുന്ന കെ.എൽ.രാഹുലിലാണ്. ചേസിങ് ടീമുകൾക്കു മികച്ച റെക്കോർഡുള്ള ലോഡ്സിൽ ചെറിയ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്കു രണ്ടാം ഓവറിൽ തന്നെ ഓപ്പണർ യശസ്വി ജയ്സ്വാളിനെ (0) നഷ്ടമായി. രണ്ടാം വിക്കറ്റിൽ രാഹുലുമൊത്ത് 36 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും കരുൺ നായരും (14) മടങ്ങി. ബ്രൈഡൻ കാഴ്സിനു വിക്കറ്റ് നൽകിയ ശുഭ്മൻ ഗില്ലും (6) പുറത്തായതോടെ ആശങ്കയേറി. നൈറ്റ് വാച്ച്മാനായി എത്തിയ ആകാശ് ദീപിന്റെ (1) കൂടി വിക്കറ്റ് നേടിയാണ് ഇംഗ്ലണ്ട് നാലാം ദിനം അവസാനിപ്പിച്ചത്. ഒരു വിക്കറ്റ് നഷ്ടത്തിൽ 41 എന്ന സ്കോറിലായിരുന്ന ഇന്ത്യയ്ക്ക് 17 റൺസിനിടെ 3 വിക്കറ്റുകൾ കൂടി നഷ്ടമായി.