തമിഴ്നാട് പ്രിമിയർ ലീഗ് ക്രിക്കറ്റിൽ (ടിഎൻപിഎൽ) മുൻ ഇന്ത്യൻ താരം ആർ. അശ്വിന്റെ നേതൃത്വത്തിലുള്ള ഡിണ്ടിഗൽ ഡ്രാഗൺസ് ടീം പന്തിൽ കൃത്രിമം കാട്ടിയെന്ന പരാതി തള്ളി തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ. കഴിഞ്ഞ മത്സരത്തിലെ എതിരാളികളായ മധുര പാന്തേഴ്സ് നൽകിയ പരാതിയാണ് തെളിവുകളുടെ അഭാവത്തിൽ തള്ളിയത്.
ബോളിങ് സമയത്ത് രാസപദാർഥം ചേർത്ത ടവൽ ഉപയോഗിച്ച് പന്ത് തുടച്ചെന്നും ഇതുവഴി പന്തിന്‍റെ ഭാരം വർധിപ്പിച്ചുവെന്നുമാണ് പരാതി. ഇതിന് ശേഷം പന്ത് ബാറ്റിൽ കൊള്ളുമ്പോൾ ഒരു ലോഹ ശബ്ദമാണ് കേട്ടതെന്നും മധുരൈ പാന്തേഴ്സ് പറയുന്നു.
എന്നാൽ, പന്ത് തുടയ്ക്കാൻ ഉപയോഗിക്കുന്ന ടവൽ അധികൃതർ പരിശോധിച്ച ശേഷമാണ് കളിക്കാർക്കു നൽകുന്നതെന്നും അംപയർമാരുടെ സാന്നിധ്യത്തിലാണ് ഇത് ഉപയോഗിക്കുന്നതെന്നും ടിഎൻപിഎൽ അധികൃതർ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ മധുര പാന്തേഴ്സിനോടു തെളിവ് ഹാജരാക്കാനും അധികൃതർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തെളിവ് നൽകാൻ പാന്തേഴ്സിന് സാധിച്ചില്ല.
14 ന് നടന്ന മത്സരത്തിൽ ഡിണ്ടിഗൽ ഡ്രാഗൺസ് മധുര പാന്തേഴ്സിനെതിരെ 9 വിക്കറ്റ് വിജയം നേടിയിരുന്നു. ഇതിനു പിന്നാലെയാണ് പാന്തേഴ്സ് പരാതിയുമായി രംഗത്തെത്തിയത്.