
വിമ്പിൾഡൻ വനിതാ സിംഗിൾസ് സെമിഫൈനലിൽ ടോപ് സീഡ് ബെലാറൂസിന്റെ അരീന സബലേങ്കയെ അട്ടിമറിച്ച് യുഎസ് താരം അമാൻഡ അനിസിമോവ ഫൈനലിൽ. 6–4, 4–6, 6–4 എന്ന സ്കോറിനാണ് യുഎസ് താരം തന്റെ ആദ്യ ഗ്രാൻസ്‌ലാം ഫൈനലിൽ പ്രവേശിച്ചത്. മാഡിസൻ കീസിനും (ഓസ്ട്രേലിയൻ ഓപ്പൺ) കൊക്കൊ ഗോഫിനും (ഫ്രഞ്ച് ഓപ്പൺ) ശേഷം ഈ വർഷം ഗ്രാൻസ്‌ലാം വനിതാ സിംഗിൾസ് ഫൈനലിൽ കടക്കുന്ന യുഎസ് താരമാണ് അനിസിമോവ.
സബലേങ്കയെ ആദ്യ സെറ്റിൽ തന്നെ ഇരുപത്തിമൂന്നുകാരി അനിസിമോവ ഞെട്ടിച്ചു. ബെലാറൂസ് താരത്തിന്റെ പവർ ഗെയിമിനെ ബേസ്‌ലൈൻ പ്രതിരോധത്തിലൂടെ കൃത്യമായി കൈകാര്യം ചെയ്ത യുഎസ് താരം 6–4ന് ആദ്യ സെറ്റ് സ്വന്തമാക്കി. എന്നാൽ രണ്ടാം സെറ്റിൽ സബലേങ്ക ശക്തമായി തിരിച്ചടിച്ചു. അനിസിമോവയുടെ ബാക്ക് ഹാൻഡിനെ ലക്ഷ്യം വച്ചായിരുന്നു സബലേങ്കയുടെ ആക്രമണം മുഴുവൻ. രണ്ടാം സെറ്റ് സബലേങ്ക 6–4ന് സ്വന്തമാക്കിയതോടെ മത്സരം ആവേശകരമായ മൂന്നാം സെറ്റിൽ.
രണ്ടാം സെറ്റിലെ വീഴ്ചകൾ മൂന്നാം സെറ്റിൽ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ച അനിസിമോവ പതിയെ മത്സരത്തിന്റെ നിയന്ത്രണം സ്വന്തമാക്കി. ഡ്രോപ് ഷോട്ടുകളിലൂടെ സബലേങ്കയുടെ താളം തെറ്റിച്ച യുഎസ് താരം ക്രോസ് കോർട്ട് ഷോട്ടുകളിലൂടെ പോയിന്റ് വാരിക്കൂട്ടി. ഒടുവിൽ 4 മാച്ച് പോയിന്റുകൾ കണ്ട മൂന്നാം സെറ്റ് 6–4ന് യുഎസ് താരം സ്വന്തമാക്കി.