
വിമ്പിൾഡൻ ടെന്നിസ് പുരുഷ സിംഗിൾസിൽ തുടർച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ടെത്തുന്ന സ്പാനിഷ് താരം കാർലോസ് അൽകാരസിനെ ആദ്യ റൗണ്ടിൽ ഇറ്റലിക്കാരൻ ഫാബിയോ ഫൊനീനി നേരിടും. റാങ്കിങ്ങിൽ 127–ാം സ്ഥാനത്താണെങ്കിലും ഫൊനീനി ആദ്യ റൗണ്ടിൽ അൽകാരസിനു വെല്ലുവിളിയായേക്കുമെന്നാണ് കണക്കുകൂട്ടൽ.
ലോക ഒന്നാം നമ്പർ ഇറ്റലിയുടെ യാനിക് സിന്നറിന് നാട്ടുകാരനും 94–ാം റാങ്കുകാരനുമായ ലൂക്ക നാർഡിയാണ് ആദ്യ റൗണ്ടിലെ എതിരാളി. 25–ാം ഗ്രാൻസ്‌ലാം കിരീടം ലക്ഷ്യമിടുന്ന സെർബിയയുടെ നൊവാക് ജോക്കോവിച്ച് ഫ്രാൻസിന്റെ അലക്സാന്ദ്രെ മുള്ളറെ ആദ്യ റൗണ്ടിൽ നേരിടും. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ചാൽ മറ്റൊരു അൽകാരസ്– സിന്നർ ഫൈനലിന് വിമ്പിൾഡനിൽ കളമൊരുങ്ങും.
വനിതാ സിംഗിൾസിൽ നിലവിലെ ചാംപ്യൻ ചെക്ക് റിപ്പബ്ലിക്കിന്റെ ബാർബറ ക്രെജിക്കോവ, ഫിലിപ്പീൻസ് താരം അലക്സാൻഡ്ര ഈലയെ ആദ്യ റൗണ്ടിൽ നേരിടും. ഫ്രഞ്ച് ഓപ്പൺ കിരീടത്തിന്റെ തിളക്കവുമായി എത്തുന്ന യുഎസ് താരം കൊക്കോ ഗോഫിന് കഴിഞ്ഞ വർഷത്തെ ഓസ്ട്രേലിയൻ ഓപ്പൺ സെമിഫൈനലിസ്റ്റ് യുക്രെയ്നിന്റെ ഡയാന യസ്ട്രംസ്കയെയാണ് ആദ്യ റൗണ്ടിൽ നേരിടേണ്ടത്. ടൂർണമെന്റ് 30ന് തുടങ്ങും.