
വിമ്പിൾഡൻ പുരുഷ സിംഗിൾസ് സെമിഫൈനൽ മത്സരങ്ങൾ ഇന്ന് സെന്റർ കോർട്ടിൽ നടക്കും. ഇന്ത്യൻ സമയം വൈകിട്ട് 6ന് നടക്കുന്ന ആദ്യ സെമിയിൽ നിലവിലെ ചാംപ്യൻ സ്പെയിനിന്റെ കാർലോസ് അൽകാരസും യുഎസ് താരം ടെയ്‌ലർ ഫ്രിറ്റ്സും ഏറ്റുമുട്ടും. രാത്രി 7.40ന് ആരംഭിക്കുന്ന രണ്ടാം സെമിയിൽ സെർബിയൻ താരം നൊവാക് ജോക്കോവിച്ച് ടോപ് സീഡ് ഇറ്റലിയുടെ യാനിക് സിന്നറെ നേരിടും.
ക്വാർട്ടർ ഫൈനൽ ജയത്തോടെ ഏറ്റവും കൂടുതൽ തവണ വിമ്പിൾഡൻ പുരുഷ സെമിയിൽ പ്രവേശിക്കുന്ന താരമെന്ന റെക്കോർഡ് (14) ജോക്കോവിച്ച് സ്വന്തമാക്കിയിരുന്നു. ഇതോടെ 13 തവണ സെമി കളിച്ച സ്വിസ് ഇതിഹാസം റോജർ ഫെഡററെയാണ് ജോക്കോ മറികടന്നത്.