
വിമ്പിൾഡൻ ടെന്നിസ് പുരുഷ സിംഗിൾസിൽ ബ്രിട്ടന്റെ പ്രതീക്ഷയായിരുന്ന നാലാം സീഡ് ജാക്ക് ഡ്രാപ്പറെ വീഴ്ത്തി ക്രൊയേഷ്യയുടെ വെറ്ററൻ താരം മാരിൻ സിലിച്ച് (6-4, 6-3, 1-6, 6-4). ലോക റാങ്കിങ്ങിൽ 83–ാം സ്ഥാനത്തുള്ള മുപ്പത്താറുകാരൻ സിലിച്ച് 4 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് വിമ്പിൾഡനിൽ മത്സരിക്കാനെത്തിയത്.
എന്നാൽ ടോപ് സീഡ് ഇറ്റലിയുടെ യാനിക് സിന്നറിനെ രണ്ടാംറൗണ്ടിൽ വെല്ലുവിളിയുണ്ടായില്ല. ഓസ്ട്രേലിയയുടെ അലക്സാണ്ടർ വുകിച്ചിനെ അനായാസം തോൽപിച്ച് (6-1, 6-1, 6-3) സിന്നർ മുന്നേറി. വിമ്പിൾഡൻ രണ്ടാംറൗണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ പുരുഷ സിംഗിൾസിലെ 32 സീഡഡ് താരങ്ങളിൽ 13 പേർക്ക് മാത്രമാണ് മൂന്നാം റൗണ്ടിലേക്ക് മുന്നേറാനായത്. ആദ്യ 10 സീഡുകളിൽ 6 പേർ ഇതിനകം പുറത്തായി.
വനിതാ സിംഗിൾസ് മൂന്നാം റൗണ്ടിൽ മുൻ ലോക ഒന്നാം നമ്പർ താരം ജപ്പാന്റെ നവോമി ഒസാക്ക പുറത്തായി. റഷ്യയുടെ അനസ്തസിയ പവ്‌ല്യുചെൻകോവയാണ് ഒസാക്കയെ തോൽപിച്ചത് (3-6, 6-4, 6-4). സ്പെയിനിന്റെ ലോറ സിഗ്‌മൻഡിനെ തോൽപിച്ച് ആറാം സീഡ് മാഡിസൻ കീസും നാലാം റൗണ്ടിലേക്കു മുന്നേറി.
ഇന്നലെ പുലർച്ചെ നടന്ന മത്സരങ്ങളിൽ വിജയിച്ച വനിതകളിൽ നിലവിലെ ചാംപ്യൻ ബാർബറ ക്രെജിക്കോവ, എട്ടാം സീഡ് ഇഗ സ്യാംതെക്, 11–ാം സീഡ് എലേന റിബകീന എന്നിവർ മൂന്നാം റൗണ്ടിലെത്തി.