

ഇന്ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര ഇന്ത്യൻ താരങ്ങള്‍ക്ക് ഏറെ നിര്‍ണായകമാണ്. അടുത്ത ടി20 ലോകകപ്പില്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ ഓരോരുത്തരും മികച്ച പ്രകടനം കാഴ്ചവെക്കണം. അതേസമയം, ഈ മത്സരം സഞ്ജു സാംസണെ സംബന്ധിച്ചിടത്തോളം ഏറെ വെല്ലുവിളി നിറഞ്ഞതാണ്. ജിതേഷ് ശര്‍മ അവസരം കാത്തിരിക്കുന്നതും, തനിക്ക് ഏറ്റവും അനുയോജ്യമായ ടോപ് ഓര്‍ഡര്‍ പൊസിഷനില്‍ സ്ഥാനം നഷ്ടപ്പെട്ടതും, വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് ഓപ്പണിങ് സ്ഥാനം വിട്ടുകൊടുക്കേണ്ടി വന്നതും സഞ്ജു നേരിടുന്ന പ്രതിസന്ധിയാണ്.
ഏഷ്യാ കപ്പില്‍ അഞ്ചാം നമ്പറിലാണ് സഞ്ജു കളിച്ചത്. അത്ര പരിചിതമല്ലാത്ത പൊസിഷനില്‍ കളിക്കേണ്ടി വന്നിട്ടും താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അതുകൊണ്ട് തന്നെ ഓസ്‌ട്രേലിയക്കെതിരെ താരം പ്ലേയിങ് ഇലവനിലുണ്ടാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഓപ്പണിങ് സ്ഥാനത്ത് നിരാശജനകമായ പ്രകടനമായിരുന്നു ഗില്ലിന്റേത്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലും ഗില്‍ പരാജമായിരുന്നു. ഈ സാഹചര്യത്തില്‍ സഞ്ജുവിനെ വീണ്ടും ഓപ്പണറാക്കുമെന്ന പ്രതീക്ഷയും ഉണ്ട്.
എന്നാല്‍, ഗില്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായതിനാല്‍ പ്ലേയിങ് ഇലവനിലുണ്ടാകും. ഗില്ലിനെ ഓപ്പണിങ് സ്ഥാനത്തുനിന്ന് മാറ്റിയുള്ള പരീക്ഷണത്തിന് മാനേജ്‌മെന്റ് മുതിരില്ല. അതുകൊണ്ട് തന്നെ സഞ്ജുവിന് മധ്യനിരയില്‍ തന്നെ വീണ്ടും കളിക്കേണ്ടി വരും.
അതേസമയം, ഓസീസ് പര്യടനത്തില്‍ ഗില്‍ സമ്മര്‍ദ്ദം നേരിടേണ്ടി വരുമെന്നാണ് മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര ചൂണ്ടിക്കാട്ടുന്നത്. ടീമിലുള്ള സഞ്ജുവിനെയും, അവസരം കാത്തിരിക്കുന്ന യശ്വസി ജയ്‌സ്വാളിനെയും ചൂണ്ടിക്കാട്ടിയാണ് ചോപ്ര ഗില്ലിനെക്കുറിച്ച് പറഞ്ഞത്. ഇരുതാരങ്ങളും ഓപ്പണിങ് സ്ഥാനത്തേക്ക് അവസരം കാത്തിരിക്കുന്നതിനാല്‍ ഗില്‍ സമ്മര്‍ദ്ദം നേരിടേണ്ടി വരുമെന്നാണ് അദ്ദേഹം പറയുന്നത്. പലപ്പോഴും സഞ്ജുവിനോട് അനീതി കാണിക്കുന്നതായി തോന്നുന്നുണ്ടെന്നും ആകാശ് ചോപ്ര വ്യക്തമാക്കി. ഓസീസ് പരമ്പരയില്‍ പരിശീലകൻ ഗൗതം ഗംഭീറിന്റെ ടി20 ലോകകപ്പ് പദ്ധതികൾ പരീക്ഷിക്കപ്പെടുമെന്നും ചോപ്ര അഭിപ്രായപ്പെട്ടു.