
ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ തോൽവിക്കു പിന്നാലെ ഇന്ത്യയ്ക്ക് അടുത്ത തിരിച്ചടി. രണ്ടാം ടെസ്റ്റിൽ പേസർ ജസ്പ്രീത് ബുമ്ര കളിക്കില്ലെന്നാണ് വിവരം. താരത്തിനു പരുക്കേൽക്കാനുള്ള സാധ്യത കണക്കിലെടുത്ത് പരമ്പരയിലെ മൂന്നു ടെസ്റ്റുകൾ മാത്രമായിരിക്കും ബുമ്ര കളിക്കുക. അതായത് രണ്ടും നാലും ടെസ്റ്റ് മത്സരങ്ങളിൽ താരം കളിക്കില്ല.
ബർമിങ്ങാമിൽ ജൂലൈ 2 മുതൽ 6 വരെയാണ് ഇന്ത്യ– ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് നടക്കുന്നത്. ഒന്നാം ടെസ്റ്റിനു ശേഷമുള്ള വാർത്താ സമ്മേളനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മന്‍ ഗില്ലിനോട് ബുമ്രയുടെ കാര്യം മാധ്യമ പ്രവർത്തകർ ചോദിച്ചിരുന്നു. ബുമ്രയെ കളിപ്പിക്കുന്ന കാര്യത്തിൽ ടീം മാനേജ്മെന്റ് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു ഗില്ലിന്റെ പ്രതികരണം. മത്സരങ്ങൾ തമ്മിൽ നല്ല ഇടവേള ലഭിക്കുന്നുണ്ടെങ്കിലും രണ്ടാം ടെസ്റ്റിനു തൊട്ടുമുൻപാകും തീരുമാനമെടുക്കുകയെന്നും ഗിൽ വ്യക്തമാക്കി.
ലീഡ്സ് ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിന്റെ അഞ്ചു വിക്കറ്റുകൾ ബുമ്ര വീഴ്ത്തിയിരുന്നു. എന്നാൽ രണ്ടാം ഇന്നിങ്സില്‍ വിക്കറ്റൊന്നും നേടാൻ താരത്തിനു സാധിച്ചില്ല. ബുമ്ര കളിച്ചില്ലെങ്കിൽ ആകാശ് ദീപ് രണ്ടാം ടെസ്റ്റിൽ പ്ലേയിങ് ഇലവനിലെത്തും. അർഷ്ദീപ് സിങ്ങിനെയും പരിഗണിക്കാന്‍ സാധ്യതയുണ്ട്.