'ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുവരുമോ?'; പ്രതികരിച്ച് വിരാട് കോഹ്ലി | Test Cricket

"ഞാൻ ഒരിടത്ത് ക്രിക്കറ്റ് കളിക്കാൻ എത്തുകയാണെങ്കിൽ, 120 ശതമാനം ആവേശത്തോടെയാവും എത്തുക".
Virat Kohli
Updated on

ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുവരുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലി. ടെസ്റ്റിൽ നിന്നും ടി20യിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച വിരാട് കോഹ്ലി നിലവിൽ ഏകദിന ഫോർമാറ്റിൽ മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത്. ടെസ്റ്റിലേക്ക് തിരിച്ചുവരവ് ഉണ്ടാവില്ലെന്നും ഒരു ഫോർമാറ്റിൽ മാത്രം കളിക്കുന്നത് തുടരുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് മുൻ നായകൻ. റാഞ്ചിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിൽ സെഞ്ച്വറി നേടി പ്ലേയർ ഓഫ് ദ മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങിയതിന് ശേഷം സംസാരിക്കുകയായിരുന്നു കോഹ്ലി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ വൈറ്റ്‌വാഷ് തോൽവി വഴങ്ങിയതിന് പിന്നാലെ വിരാട് ടെസ്റ്റിലേക്ക് തിരിച്ചുവരുമെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി കോഹ്ലി രംഗത്തെത്തിയത്.

'താങ്കൾ ഒരു ഫോർമാറ്റിൽ മാത്രം കളിക്കുന്നത് തുടരുമോ?' എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വിരാട് കോഹ്ലി. "അതെ, അത് എപ്പോഴും അങ്ങനെയായിരിക്കും. ഞാൻ ഒരു ഫോർമാറ്റിൽ മാത്രമാണ് കളിക്കുന്നത്. കളിക്കുമ്പോഴെല്ലാം എന്റെ പരമാവധി നൽകാൻ എപ്പോഴും ശ്രമിക്കാറുണ്ട്." - മത്സരശേഷം കോഹ്ലി പറഞ്ഞു.

"എപ്പോഴും എന്റെയുള്ളിൽ ക്രിക്കറ്റ് കളിക്കാനായി വലിയ ആഗ്രഹമുണ്ട്. ഞാൻ ഒരിടത്ത് ക്രിക്കറ്റ് കളിക്കാൻ എത്തുകയാണെങ്കിൽ, 120 ശതമാനം ആവേശത്തോടെയാവും എത്തുക. റാഞ്ചിയിൽ ഞാൻ നേരത്തെ എത്തിയിരുന്നു. അത് പരിശീലനത്തിനാണ്. ഫോം കുറവാണെന്ന് തോന്നിയാൽ കൂടുതൽ പരിശീലനം നടത്തണം. ഫോം വീണ്ടെടുത്തുവെന്ന് പരിശീലനത്തിൽ തന്നെ ഉറപ്പാക്കണം. അതുപോലെ എനിക്ക് 37 വയസായി. അതിനാൽ ശരീരത്തിന് വേണ്ട വിശ്രമം നൽകേണ്ടതും അത്യാവശ്യമാണ്." - കോഹ്ലി വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com