ഐപിഎൽ കിരീടം നേടിയതിന് പിന്നാലെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ടീമിനെ സ്വന്തമാക്കിയേക്കുമെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ. തനിക്ക് എന്തിനാണ് ആർസിബി എന്ന് ശിവകുമാർ ചോദിച്ചു. താൻ റോയൽ ചാലഞ്ച് മദ്യം പോലും ഉപയോഗിക്കാറില്ലെന്ന് ഡി.കെ. ശിവകുമാർ തമാശരൂപേണ പ്രതികരിച്ചു. ബെംഗളൂരു ആസ്ഥാനമായുള്ള ടീമിനെ ഡി.കെ. ശിവകുമാർ വാങ്ങിയേക്കുമെന്ന് ഏതാനും ദിവസങ്ങളായി അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്.
വർഷങ്ങളായി കർണാടക ക്രിക്കറ്റ് അസോസിയേഷനിൽ അംഗമാണെങ്കിലും, ടീമിനെ വാങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്ന് ശിവകുമാർ വിശദീകരിച്ചു. ആർസിബി മാനേജ്മെന്റിന്റെ ഭാഗമാകാൻ പലതവണ ക്ഷണം ലഭിച്ചിട്ടുണ്ടെന്നും അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തനിക്ക് സമയമില്ലെന്നും ശിവകുമാർ വ്യക്തമാക്കി.
‘‘ഞാനൊരു വട്ടനൊന്നുമല്ലെന്ന് ആദ്യമേ പറയട്ടെ. ചെറുപ്പം മുതൽത്തന്നെ ഞാൻ കർണാടക ക്രിക്കറ്റ് അസോസിയേഷനിൽ അംഗമാണ്. അത്രേയുള്ളൂ. ആർസിബി മാനേജ്മെന്റിന്റെ ഭാഗമാകാൻ ക്ഷണം ലഭിച്ചിരുന്നു. പക്ഷേ നിലവിൽ അതിനുള്ള സമയമില്ല. അല്ലെങ്കിലും എനിക്ക് എന്തിനാണ് ആർസിബി? ഞാൻ റോയൽ ചാലഞ്ച് മദ്യം പോലും ഉപയോഗിക്കാറില്ല." - ഡി.കെ. ശിവകുമാർ പ്രതികരിച്ചു.