
മലയാളി താരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നൈ സൂപ്പർ കിങ്സിലേക്ക് വരുമെന്ന റിപ്പോർട്ടുകളിൽ പ്രതികരിച്ച് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. സഞ്ജു ചെന്നൈയിലേക്ക് വരുന്നത് ഇരുകൂട്ടർക്കും ഗുണകരമാകുമെന്ന് റോബിൻ ഉത്തപ്പ അഭിപ്രായപ്പെട്ടു. രാജസ്ഥാനിൽ മികവു തെളിയിച്ച യുവതാരങ്ങളുണ്ട്. യുവതാരങ്ങൾക്ക് പിന്തുണ നൽകുന്ന രാജസ്ഥാന്റെ സ്ഥിരം ശൈലി പരിഗണിക്കുമ്പോൾ, സംഭവിക്കാൻ പോകുന്നത് എന്താണെന്ന് സഞ്ജു മുൻകൂട്ടി കണ്ടിട്ടുണ്ടാകും. സഞ്ജുവിനെ വാങ്ങുന്നതിനായി, പകരം അശ്വിനൊപ്പം സാം കറനെയോ വിജയ് ശങ്കറിനെയോ നൽകുന്നത് നല്ല നീക്കമാകുമെന്നും ഉത്തപ്പ അഭിപ്രായപ്പെട്ടു.
‘‘രാജസ്ഥാന് യശസ്വി ജയ്‌സ്വാളും വൈഭവ് സൂര്യവംശിയുമുണ്ട്. രണ്ടുപേരും കഴിവു തെളിയിച്ച ഓപ്പണർമാർ, മൂന്നാം നമ്പറിൽ റിയാൻ പരാഗ് ഉണ്ട്. ടീമിൽ തുടർന്നാലും സഞ്ജുവിനു മുന്നിലുള്ള വഴി നാലാം നമ്പറാണ്. നിലവിൽ ഇന്ത്യൻ ടീമിൽ പോലും ഓപ്പൺ ചെയ്യുന്ന സഞ്ജു അതിനു നിൽക്കുമോ? ഒരു സാധ്യതയുമില്ല. രാജസ്ഥാനിൽ ഈ അവസ്ഥ മാറാൻ സാധ്യതയില്ലെന്ന് സഞ്ജുവിന് തോന്നിയിട്ടുണ്ടാകണം. യുവതാരങ്ങളെ പിന്തുണയ്ക്കാനാണ് രാജസ്ഥാൻ തീരുമാനിക്കുന്നതെങ്കിലോ? അതിന് സാധ്യതയില്ലേ? രാജസ്ഥാന്റെ രീതി അതല്ലേ? അതുകൊണ്ട് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് സഞ്ജു നേരത്തെ മനസ്സിലാക്കിയിട്ടുണ്ടാകും." - ഉത്തപ്പ പറഞ്ഞു.
സഞ്ജുവിനെ രാജസ്ഥാൻ കഴിഞ്ഞ സീസണിൽ നിലനിർത്തിയത് 18 കോടി രൂപയ്‌ക്കായതിനാൽ, അതേ മൂല്യമുള്ള താരത്തെയോ താരങ്ങളെയോ ചെന്നൈ എങ്ങനെ കൈമാറുമെന്ന സംശയത്തിനും ഉത്തപ്പ മറുപടി നൽകി. ചെന്നൈ വിടാൻ താൽപര്യം അറിയിച്ചിട്ടുള്ള രവിചന്ദ്രൻ അശ്വിനൊപ്പം, ഓൾറൗണ്ടറായ സാം കറനെയോ വിജയ് ശങ്കറിനെയോ രാജസ്ഥാന് നൽകിയാൽ ട്രേഡിങ് യാഥാർഥ്യമാക്കാമെന്നാണ് ഉത്തപ്പയുടെ അഭിപ്രായം. രാജസ്ഥാൻ നിരയിൽ ഷിമ്രോൺ ഹെറ്റ്മെയറിനെ കൂടാതെ മികച്ച ഫിനിഷർമാരില്ല എന്നതും ശ്രദ്ധിക്കണമെന്ന് ഉത്തപ്പ പറഞ്ഞു.
‘‘സഞ്ജുവിനെ ചെന്നൈയ്‌ക്ക് എന്തായാലും നോട്ടമുണ്ടാകും. സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കിയാൽ രണ്ടു കൂട്ടർക്കും അതു ഗുണകരമാകും. സഞ്ജു ടീമിലെത്തിയാൽ, മഹേന്ദ്രസിങ് ധോണിയിൽനിന്ന് അടുത്ത വിക്കറ്റ് കീപ്പറിലേക്കുള്ള മാറ്റം അനായാസം നടക്കും. അത് സാധിച്ചില്ലെങ്കിൽ വിക്കറ്റ് കീപ്പറുടെ റോളിലേക്ക് ചെന്നൈ ന്യൂസീലൻഡ് താരം ഡിവോൺ കോൺവെയെ പരിഗണിക്കേണ്ടി വരും. പക്ഷേ സഞ്ജുവിനെ തട്ടകത്തിലെത്തിക്കാൻ കഴിഞ്ഞാൽ, ചെന്നൈയ്ക്ക് അതുകൊണ്ട് ഒരുപാടു നേട്ടങ്ങളുണ്ടാകും." - റോബിൻ പറഞ്ഞു.
‘‘രാജസ്ഥാന് മികച്ച താരങ്ങളില്ലാത്തത് എവിടെയാണ്? ആറാം നമ്പറിൽ അവർക്ക് ഷിമ്രോൺ ഹെറ്റ്മെയർ മാത്രമേയുള്ളൂ. ആറ്, ഏഴ് നമ്പറുകളിൽ അവർക്ക് നല്ലൊരു ഫിനിഷറില്ല. ഒരുപക്ഷേ സാം കറൻ ഒരു സാധ്യതയാണ്. അശ്വിനൊപ്പം വിൽക്കാൻ പറ്റിയ മറ്റൊരാൾ വിജയ് ശങ്കറാണ്. നല്ലൊരു ബോളറും ബാറ്ററുമാണ് വിജയ് ശങ്കർ. അതുകൊണ്ട് അത് നടക്കാവുന്നതേയുള്ളൂ." - ഉത്തപ്പ ചൂണ്ടിക്കാട്ടി.
‘‘സഞ്ജുവിന് ടീമിൽ തുടരാൻ താൽപര്യമില്ലെന്ന സത്യം രാജസ്ഥാൻ റോയൽസും തിരിച്ചറിഞ്ഞിട്ടുണ്ടാകും. താരത്തിന് തുടരാൻ താൽപര്യമില്ലെങ്കിൽ നിർബന്ധിച്ച് നിർത്തിയിട്ട് എന്തു കാര്യം? ആ ആവശ്യം സാധിച്ചുകൊടുക്കുന്നതാണ് നല്ലത്. അതുകൊണ്ട് ടീം വിടാനുള്ള നീക്കം യാഥാർഥ്യമായേക്കാം." - ഉത്തപ്പ പറഞ്ഞു.